ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ വാഹനം ഓടിച്ച ഗൗരിശങ്കറെന്ന വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് കോടതിയില്‍ നല്‍കിയ പൊലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കോടതി നിര്‍ദേശ പ്രകാരം ടവേര കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരിശങ്കറെ പ്രതിയാക്കും.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്. മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍,പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം,കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്തികളാണ് അഞ്ച് പേരും . കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണ് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവര്‍ ലോഡും, കനത്ത മഴയും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതിന് കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പൊലീസ് അറിയിച്ചിരുന്നു.