കഠിനമായ വയറുവേദനയുമായി എത്തിയ 21 കാരിയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് രണ്ടു കിലോ മുടി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. തന്റെ അഞ്ചാം വയസ് മുതൽ യുവതി തലമുടി പൊട്ടിച്ചെടുത്ത് തിന്നുമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. അവസരം കിട്ടുമ്പോഴൊക്കെ പൊട്ടിച്ചെടുത്ത് വായിൽ വെച്ചിരുന്ന സ്വന്തം മുടിയാണ് 16 വർഷം കൊണ്ട് രണ്ട് കിലോ ഭാരമുള്ളതായി മാറിയതെന്നും ഡോക്ടർമാർ പറഞ്ഞു.
സെപ്റ്റംബർ 20നാണ് ഉത്തർപ്രദേശിലെ കാർഗേന സ്വദേശിയായ യുവതിയെ ബന്ധുക്കൾ ബറേലി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സിടി സ്കാൻ എടുത്ത് നോക്കിയപ്പോൾ ആമാശയത്തിൽ വൻതോതിൽ മുടി അടിഞ്ഞുകൂടിയിരിക്കുന്നതായി കണ്ടെത്തി. യുവതിയോടും കുടുംബാംഗങ്ങളോടും വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് യുവതിക്ക് സ്വന്തം മുടി പൊട്ടിച്ചെടുത്ത് കഴിക്കുന്ന ശീലമുണ്ടായിരുന്നെന്ന് മനസിലായത്.
അഞ്ചാം വയസ് മുതൽ താൻ ഇങ്ങനെ ചെയ്യാറുണ്ടെന്നും യുവതി ഡോക്ടർമാരോട് പറഞ്ഞു. ആമാശയത്തെ ചുറ്റിവരിഞ്ഞ നിലയിലാണ് മുടി ഉണ്ടായിരുന്നതെന്നും അൽപം ഭാഗം ചെറുകുടലിലേക്കും എത്തിയിരുന്നുവെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു. കട്ടിയുള്ള ഒരു ഭക്ഷണവും കഴിക്കാൻ സാധിക്കാത്ത അവസ്ഥിയിലായിരുന്നു ഇവർ. ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ ഉടൻ തന്നെ ഛർദിക്കും. പിന്നീട് കഠിനമായ വയറുവേദനയും.
വിശദമായ പരിശോധനകൾക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ മുടി പുറത്തെടുത്തത്. ട്രൈക്കോഫാജിയ എന്നറിയപ്പെടുന്ന രോഗാവസ്ഥയുള്ളവരാണ് ഇത്തരത്തിൽ മുടി പൊട്ടിച്ചെടുത്ത് ഭക്ഷിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഭക്ഷിക്കുന്ന മുടി ആമാശയത്തിൽ അടിഞ്ഞുകൂടി ഛർദിയും വയറുവേദനയും പോലുള്ള പ്രശ്നങ്ങളുണ്ടാവും. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.