X

അബുദാബി ടോള്‍ ഗേറ്റില്‍ 21 ലക്ഷം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തു

അബുദാബി: അബുദാബിയിലെ മൂന്നു പ്രധാന പാതകളില്‍ സ്ഥാപിച്ചിട്ടുള്ള ടോള്‍ഗേറ്റുകളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി.

2,106,526 വാഹനങ്ങളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തതെന്ന് അബുദാബി ഗതാഗതവിഭാഗം (ഐടിസി) വ്യക്തമാക്കി. 2022ല്‍ 550.686 വാഹനങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ദര്‍ബ് സംവിധാനത്തില്‍ 337,744 വാഹനഉടമകള്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുകയുണ്ടായി. സ്ഥാപനങ്ങളും വ്യക്തികളുമായി ഇതുവരെ 1,132,285 അക്കൗണ്ടുകളാണ് ദര്‍ബില്‍ ഓപ്പണ്‍ ചെയ്തിട്ടുള്ളതെന്ന ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കി.

അതേസമയം ദര്‍ബ് സംവിധാനം ആരംഭിച്ചതിന് ശേഷം 25,514 വാഹനങ്ങളെ ടോള്‍ പണമടക്കുന്നതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദര്‍ബ് സേവനങ്ങളുടെ ഉപഭോക്തൃ സംതൃപ്തി നിരക്ക് 97% ആയി ഉയര്‍ന്നു.

അബുദാബിയിലെ പ്രധാന റോഡുകളിലുള്ള ശൈഖ് ഖലീഫ ബ്രിഡ്ജ്, മുസഫ, മഖ്ത മൂന്ന് പാലങ്ങളിലാണ് ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മറ്റുസ്ഥലങ്ങളില്‍നിന്നും വ്യത്യസ്ഥമായി ഇവിടെ തിരക്കേറിയ സമയങ്ങളില്‍ മാത്രമാണ് പണം ഈടാക്കുന്നത്. കാലത്തു ഏഴുമുതല്‍ ഒമ്പത് വരെയും വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയുമാണ് ടോള്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളു. പൊതുഅവധി ദിവസങ്ങളിലും ഇതുവഴിയുള്ള യാത്ര സൗജന്യമാണ്.

webdesk13: