കെ.പി.എ മജീദ്
‘തബ്‌ലീഗ് കൊറോണ’. കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തെ നേരിടുന്നതില്‍ അമ്പേ പരാജയപ്പെട്ട കേന്ദ്ര ഭരണകൂടത്തിന്റെയും സംഘ്പരിവാറിന്റെയും വജ്രായുധമായിരുന്നു അത്. മുന്നറിയപ്പോ മുന്നൊരുക്കമോ ഇല്ലാതെ രായ്ക്കുരാമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ഡൗണിനെതുടര്‍ന്ന് നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്ത് കുടുങ്ങിപ്പോയവരെ രക്ഷപെടുത്തുന്നതിന്പകരം വേട്ടയാടാനും ദേശദ്രോഹികളാക്കാനും ഇസ്്‌ലാമോഫോബിയയുടെ കോവിഡ് കാലത്തെ പുതിയ പദമായിരുന്നു അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എല്ലാനിയമവും പാലിച്ച് പതിവുപോലെ തബ്‌ലീഗ് സമ്മേളനത്തിന് എത്തിയതായിരുന്നു അവര്‍. ഭരണകൂട വേട്ടക്ക് ഇരയായവര്‍ക്ക് നീതി ലഭിക്കാന്‍ കോടതി ഇടപെടേണ്ടിവന്നു. സാഹചര്യങ്ങളും സര്‍ക്കാറിന്റെ തെറ്റായ നയവുംമൂലം കോവിഡ് ബാധിച്ച അവര്‍ പ്ലാസ്മ ദാനം ഉള്‍പ്പെടെയുള്ള മാതൃകയിലൂടെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയായിട്ടും ഒരു സമുദായത്തെ ഇതിന്റെ പേരില്‍ ക്രൂശിക്കാന്‍ ഭഗീരഥ ശ്രമമാണ് നടന്നത്.
കോവിഡ് മഹാമാരിയെ ജനം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ചുളുവില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതും മറ്റൊരു മാരിയാണ്. വിവാദ നിയമ നിര്‍മാണങ്ങളും നടപടികളുമായി കേന്ദ്ര സര്‍ക്കാറും നിലാവുണ്ടെന്ന് കരുതി പുലരുവോളം കക്കാമെന്ന് സംസ്ഥാന ഭരണകൂടവും നിശ്ചയിച്ചുറപ്പിച്ച മട്ടാണ്. പ്രതിസന്ധിയുടെ കാലത്തെ ദൈവത്തിന്റെ പരീക്ഷണമായികണ്ട് മഹാഭൂരിപക്ഷം വിശ്വാസകളും മുന്നോട്ടുപോകുമ്പോള്‍ മതത്തിനും ദൈവത്തിനുമെതിരായ പ്രചാരവേലയുടെ അവസരമായി നിരീശ്വര കമ്യൂണിസ്റ്റ് വിഭാഗവും മുന്നോട്ടുപോകുന്നു. ഏതു സാഹചര്യത്തിലും മതവും വിശ്വാസവും ഉള്‍ക്കൊള്ളാനും നിരാകരിക്കാനും രാജ്യത്തെ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഏതൊരു മതമോ ഇസമോ സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യംപോലെ അവ നിരാകരിക്കാനും കഴിയുന്നു.
എന്നാല്‍, ഭരണകൂടം ഏതെങ്കിലും മതത്തിലോ ജാതിയിലോ കുടിയേറി പ്രവര്‍ത്തിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. സംഘ്പരിവാര്‍ ഹിന്ദുത്വ ചട്ടക്കൂട്ടിലേക്ക് രാജ്യത്തിന്റെ ബഹുസ്വരതയെ ചുരുട്ടിക്കെട്ടി ഈ പൂന്താട്ടത്തില്‍ ഇനിയൊരു പൂമാത്രം മതിയെന്ന് ശഠിക്കുന്നുവെന്നതാണ് വര്‍ത്തമാനകാല ഇന്ത്യയുടെ ശാപം. ഇതിന്റെ മറ്റൊരു പതിപ്പാണ് മതവിരുദ്ധത ഭരണകൂടം അടിച്ചേല്‍പ്പിക്കുകയെന്നത്. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാനും ആരാധന നിര്‍വഹിക്കാനും ആരാധനാലയങ്ങള്‍ സ്ഥാപിക്കാനുമെല്ലാം രാജ്യത്ത് അവകാശമുണ്ട്. ആര്‍ക്കും അതു തടയാന്‍ നിയമപരമായി സാധ്യമല്ല. രാജ്യസുരക്ഷ, പകര്‍ച്ചവ്യാധി എന്നിവയുമായി ബന്ധപ്പെട്ട് ബോധ്യപ്പെടുന്ന കാരണങ്ങള്‍കൊണ്ട് അവ നിയന്ത്രിക്കുമ്പോഴും അതില്‍ മതവിരുദ്ധതയുടെയോ മതവിവേചനത്തിന്റെയോ കാരണങ്ങള്‍ ഉണ്ടായിക്കൂടാ.
എന്നാല്‍, രാജ്യത്തെ ഏക കമ്യൂണിസ്റ്റ് ഭരണകൂടമുള്ള കേരളത്തില്‍ മതവിരുദ്ധതയുടെ അജണ്ടകള്‍ കോവിഡിന്റെ മറവില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നത് ഗൗരവതരമാണ്. വി.എസ് സര്‍ക്കാറിന്റെ കാലത്ത് ഇന്നത്തെ സി.പി.എം പി.ബി അംഗമായ എം.എ ബേബി വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മതമില്ലാത്ത ജീവന്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് കയ്യോടെ പടികൂടിയിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിയുടെ പേരില്‍ കേരളത്തിലെമാത്രം ആരാധനാലയങ്ങള്‍ അനിശ്ചിതമായി അടച്ചിടുന്നതിലൂടെ കമ്യൂണിസത്തിന്റെ അടിസ്ഥാന പ്രമാണമായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും മതനിരാസവും പ്രയോഗവത്കരിക്കാനാണ് പിണറായി സര്‍ക്കാറിന്റെ ശ്രമം. ആരാധനാലയങ്ങളെമാത്രം ഒറ്റതിരിച്ച് തളയ്ക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. സി.പി.എമ്മിന് മദ്യശാലകളോടുള്ള കരുതലിനേക്കാള്‍ പ്രാധാന്യം വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളോടുണ്ട്.
ലോക്ഡൗണ്‍ ഇളവുകള്‍ ഏതാണ്ട് എല്ലാ മേഖലക്കും നല്‍കിക്കഴിഞ്ഞു. ഏതിനൊക്കെ ഇളവ് നല്‍കി എന്നത് വിശദീകരിക്കുന്നതിലേറെ എളുപ്പം പരിശോധിക്കാനാവുക നല്‍കാത്ത മേഖല ഏതെന്നതാണ്. ആരാധനാലയങ്ങള്‍ ഒഴികെ ബാക്കി ഏതാണ്ട് എല്ലാം സാധാരണ നിലയിലാണിപ്പോള്‍. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാത്രമല്ല, നിയമസഭാമന്ദിരവും പതിവുപോലെ പ്രവര്‍ത്തിക്കുന്നു. മഞ്ചേശ്വരം മുതല്‍ പാറശാലവരെയുള്ള 140 നിയമസഭാസാമാജികര്‍ നാട്ടിലേക്കും അനന്തപുരിയിലേക്കും പലതവണ സഞ്ചരിച്ച് നിയസഭാഹാളില്‍ ഒന്നിച്ചിരുന്ന് ദിവസങ്ങളോളം സംവദിക്കുന്നതിന് ഒരു തടസ്സവുമില്ല. ഇതേ ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കിടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടപെടുകയും മണ്ഡലത്തിലും ജില്ലയിലുമുള്ളയോഗങ്ങളില്‍ നിരന്തരം പങ്കെടുക്കുകയും ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ്സുകളും ഷോപ്പുകളുമെല്ലാം സജീവമായിട്ടും ആരാധനാലയങ്ങളിലേക്ക് ആരും പോയിക്കൂടെന്ന പിടിവാശിയിലെ ദുഷ്ടലാക്ക് ആര്‍ക്കാണ് ബോധ്യപ്പെടാത്തത്. പാര്‍ട്ടി ഓഫീസുകളില്‍ നിരവധി പേര്‍ ഒന്നിച്ചിരുന്ന് യോഗം നടത്തി ആരാധനാലയങ്ങളില്‍ ആരും പ്രവേശിക്കരുതെന്ന് തിട്ടൂരമാകുന്നതില്‍ എന്തു യുക്തിയാണുള്ളത്. അമ്പലങ്ങളില്‍ പോയി തൊഴാനും പ്രാര്‍ത്ഥന നടത്താനും ചര്‍ച്ചില്‍ പോയി ഞായറാഴ്ച കുര്‍ബാന സ്വീകരിക്കാനും വെള്ളിയാഴ്ച പള്ളിയില്‍ പോയി ജുമുഅ നിര്‍വഹിക്കാനും സാഹചര്യം അനുകൂലമായപ്പോള്‍ ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നുണ്ട്. ഇസ്‌ലാം മത വിശ്വാസികള്‍ അഞ്ചു നേരം പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുമ്പോള്‍ ഓരോ തവണയും കൈകാലുകളും മുഖവുമെല്ലാം മൂന്നു തവണ വീതം കഴുകുന്നുണ്ട്. ആരോഗ്യ പ്രോട്ടോക്കോളില്‍ പറയുന്നതിനേക്കാള്‍ ശുചിത്വം പരിശീലിച്ചവരാണവര്‍. അഞ്ഞൂറു മുതല്‍ അയ്യായിരം പേര്‍ക്ക് പ്രാര്‍ത്ഥന നിര്‍വഹിക്കാവുന്ന സൗകര്യമുള്ള പള്ളികളില്‍ അതിന്റെ പാതിയായി നിശ്ചയിച്ചാല്‍ തന്നെ കോവിഡ് പ്രോട്ടോക്കോളിലെ സാമൂഹ്യ അകലം സാധ്യമാവും. ആകെ ഉള്‍ക്കൊള്ളാവുന്നതിന്റെ നാലിലൊന്ന് പേര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചാല്‍ കോവിഡ് പ്രതിരോധത്തില്‍ ഒരിക്കലും ദോഷകരമായി ബാധിക്കില്ല. ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കപ്പെടുന്നതോടെ ജനസംഖ്യയുടെ മഹാഭൂരിപക്ഷമായ വിശ്വാസികളുടെ മനോബലവും ആത്മബലവും വര്‍ധിക്കുകയും രോഗപ്രതിരോധം വര്‍ധിക്കുകയുമാണ് ചെയ്യുക. മുമ്പ് ലോക്ഡൗണ്‍ ഇളവു വരുത്തിയപ്പോഴൊന്നും ആരാധനാലയങ്ങളില്‍ ഒരിടത്തുപോലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച സംഭവമില്ല.
സംഘ്പരിവാര്‍ കരുനീക്കത്തില്‍ മുസ്്‌ലിം പള്ളികള്‍ക്ക് ആരാധനയില്‍ ഒരു പ്രാധാന്യവുമില്ലെന്ന് ബാബരി കേസിന്റെ അനുബന്ധമായ ഇസ്മായില്‍ ഫാറൂഖി കേസില്‍ വിയോജിപ്പുകളോടെ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയുടെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുസ്്‌ലിംകള്‍ മുക്തരായിട്ടില്ല. ഏതെങ്കിലും കോടതിയോ ഭരണകൂടമോ ശരിവെച്ചാലും ഇല്ലെങ്കിലും ഇസ്‌ലാംമത വിശ്വാസത്തില്‍ പ്രാര്‍ത്ഥനക്ക് പള്ളിയുമായി അഭേദ്യമായ ബന്ധമുണ്ട്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടേതായ ആചാരങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. സ്ത്രീ പുരുഷ സമത്വത്തിന് ശബരിമലയിലെ ആചാരം ലംഘിച്ച് അവിടെ യുവതികള്‍ കയറണമെന്ന് പിണറായി സര്‍ക്കാര്‍ വാശിപിടിച്ചതൊക്കെ നാം കണ്ടതാണ്. മതവിരോധികളായ ഏതാനും യുവതികളെ നട്ടപ്പാതിരക്ക് പൊലീസ് യൂണിഫോം ധരിപ്പിച്ച് അയ്യപ്പ സന്നിധിയിലെത്തിച്ചാല്‍ എന്തു നവോത്ഥാനമാണ് ഉണ്ടാവുകയെന്ന് അഭിനവ നവോത്ഥാന നായകന്‍ പിണറായി വിജയന്‍ ഇനിയും വിശദീകരിക്കേണ്ട ഒന്നാണ്.
1984 ഏപ്രിലില്‍ സുപ്രീംകോടതി മുസ്്‌ലിം വ്യക്തി നിയമത്തിലേക്ക് കടന്ന് ചില പരാമര്‍ശങ്ങള്‍ നടത്തുകയും ശരീഅത്ത് വ്യക്തി നിയമങ്ങള്‍ മാറ്റി ഏകീകൃത സിവില്‍ നിയമം രാജ്യത്തുണ്ടാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത കാലത്ത് ഉറഞ്ഞുതുള്ളിയ കമ്യൂണിസ്റ്റ് മാനസികാവസ്ഥയില്‍നിന്ന് സി.പി.എമ്മിന് പുറത്തുകടക്കാനാവില്ലെന്നാണ് ഇപ്പോഴത്തെ നിഷേധാത്മക സമീപനവും വിളിച്ചോതുന്നത്. ഇസ്‌ലാമിലേക്ക് മാറിയ ഹാദിയയെ പിതാവിന്റെ കൂടെ വിട്ടപ്പോള്‍ പൊലീസിനെ ഉപയോഗിച്ച് വീട്ടുതടങ്കല്‍ സൃഷ്ടിച്ചതുമുതല്‍ മതം മാറി ചേരമാന്‍ പള്ളിയിലെ മണ്ണോട് ചേരാന്‍ കൊതിച്ച കൊടുങ്ങല്ലൂരിലെ നജ്മല്‍ ബാബുവിനെ കരിച്ചുകളഞ്ഞ ഭരണകൂട ഭീകരതവരെ നടന്നത് പിണറായി സര്‍ക്കാറിലാണ്. അധികാരം ഉപയോഗിച്ച് മതവിരുദ്ധത നടപ്പാക്കി വിശ്വാസി സമൂത്തെ ഇനിയും കമ്യൂണിസ്റ്റുകളും പിണറായി വിജയനും വെല്ലുവിളിക്കരുത്. വിവിധ മുസ്്‌ലിം ക്രൈസ്തവ സംഘടനകളും എന്‍.എസ്.എസും നിരന്തരം ആവശ്യപ്പെട്ടിട്ടും മുഖം തിരിക്കുന്ന സര്‍ക്കാര്‍ കനത്ത വിലനല്‍കേണ്ടിവരും. കോഴിക്കോട് പള്ളിക്കണ്ടി ശ്രീ മഹാകാളിക്കാവ് ക്ഷേത്രത്തിന് മുമ്പില്‍ ഹൈന്ദവ മുസ്്‌ലിം വിശ്വാസികള്‍ ഒന്നിച്ച് നടത്തിയ നില്‍പ്പ്‌സമരം സൂചനമാത്രമാണ്.