നബീല്‍ പയ്യോളി
കോാവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിലേക്ക് പോകുന്നതും വരുന്നതും ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കിയിരിക്കുകയാണ്. കോവിഡ് വ്യാപന ഭീതിയാണ് വിലക്കിന് ആധാരം. ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഭീതിപ്പെടുത്തുന്നതാണ്. ലോക്ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും വലിയ പ്രതിസന്ധിയിലാണ്. രാജ്യത്തെ ഭരണകൂടവും സംസ്ഥാന സര്‍ക്കാരുകളും കാണിച്ച കൃത്യവിലോപവും അലംഭാവവും കെടുകാര്യസ്ഥതയുമാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്നത് യാഥാര്‍ഥ്യമാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് പണം സമ്പാദിക്കുന്ന തിരക്കിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
രണ്ടാം തരംഗം നേരിടാന്‍ ആവശ്യമായ ഹോസ്പിറ്റലുകളും ഓക്‌സിജന്‍ പ്ലാന്റുകളും നിര്‍മ്മിക്കുന്നതിന് പകരം സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണമായിരുന്നു കേന്ദ്ര സര്‍ക്കാറിന് വലുത്. രാജ്യത്തെ ജനങ്ങള്‍ മരിച്ചു വീഴുമ്പോള്‍ ആഡംബര സൗധം പണിയുന്ന ഭരണാധികാരിയെക്കുറിച്ച് എന്ത്പറയാന്‍. കോവിഡ്മൂലം തകര്‍ന്ന സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാനോ വിപണി സജീവമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനോ പകരം ലോക്ഡൗണ്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ച് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്.
മഹാമാരിയോടൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലയ്മയും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യത്തെ പട്ടിണിയിലേക്കും വറുതിയിലേക്കും തള്ളിവിട്ടിരിക്കുകയാണ് മാനുഷിക മൂല്യം നഷ്ടപ്പെട്ട ഭരണകൂടം. വാക്‌സിന്‍ പരമാവധി ജനങ്ങള്‍ക്ക് നല്‍കി മഹാമാരിയെ പ്രതിരോധിക്കുക എന്ന മാര്‍ഗമാണ് ലോകരാജ്യങ്ങള്‍ കാണിച്ചുതന്നത്. അതിന് പകരം വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചും രാജ്യത്തത്തിനകത്ത് ഭീമമായ തുകക്ക് വിറ്റും വാക്‌സിന്‍ വിതരണത്തിന്റെ ചുമതല സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ മേഖലയുടെയും തലയില്‍ കെട്ടിവെച്ചും രാജ്യത്തെ പൗരന്മാരെ വഞ്ചിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരും ഈ പ്രതിസന്ധിയിലെ കൂട്ട്പ്രതിയാണ്. മുഖ്യമന്ത്രിയടക്കം നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് കോവിഡ് പോസിറ്റിവ് ആയതും തെരെഞ്ഞെടുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരുന്നു. ഈ സാഹചര്യങ്ങള്‍ ആയിരക്കണക്കിനാളുകളെ രോഗാതുരമാക്കാനും നൂറുകണക്കിന് ആളുകളുടെ മരണത്തിനും ഹേതുവായി എന്നത് ഹൃദയഭേദകമാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ മാമാങ്കവും രാഷ്ട്രീയ പ്രമുഖരുടെ മരണാനന്തര ചടങ്ങുകളും സര്‍ക്കാര്‍ ഉത്തരവിലൂടെ കൊറോണ പേടിച്ചോടും എന്ന തരത്തിലേക്ക് നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കി. കോവിഡ് പിടിയില്‍ നിന്നും രക്ഷപ്പെടേണ്ടത് ഓരോരുത്തരുടെയും ജീവന്‍ മരണ പോരാട്ടമാണെന്നും ആരെന്ത് പറഞ്ഞാലും ഞാന്‍ അവിവേകം കാണിക്കില്ലെന്നും തീരുമാനിക്കാനുള്ള വിവേകം പോലും ആ ജനക്കൂട്ടത്തിന് ഇല്ലാതെ പോയത് അത്ഭുതകരമാണ്.
ഈ സാഹചര്യത്തില്‍ വലിയ ദുരിതത്തിലേക്ക് തള്ളിയിവിടപ്പെട്ടവരാണ് പ്രവാസികള്‍. കേരളം ഇന്നനുഭവിക്കുന്ന പ്രതിസന്ധി കഴിഞ്ഞ വര്‍ഷം പ്രവാസലോകം അനുഭവിച്ചതിന് സമാനമാണ്. ഭരണാധികാരികളും സന്മനസ്സകളും ചേര്‍ന്ന് നടത്തിയ പോരാട്ടത്തിന്റെ ഫലം എന്ന നിലയില്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. സ്വന്തമായി വാക്‌സിന്‍ ഉത്പാദനം ഇല്ലെങ്കിലും ലഭ്യമായ ഇടങ്ങളില്‍നിന്ന് വാക്‌സിന്‍ എത്തിച്ച് രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കാനുള്ള ഇച്ഛാശക്തി ഭരണകൂടം കാണിച്ചു. രാജ്യത്തെ പൗരന്മാരെന്നോ വിദേശികള്‍ എന്നോ ഉള്ള വിവേചനം അവര്‍ കാണിച്ചില്ല. അനധികൃത താമസക്കാരായ വിദേശികള്‍ക്ക്‌വരെ കോവിഡ് ചികിത്സയും ഭക്ഷണവും വാക്‌സിനും സൗജന്യമായി നല്‍കാന്‍ സഊദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കാണിച്ച മനസ്സ് ലോകത്തിന് തന്നെ മാതൃകയാക്കാവുന്നതാണ്. ആഗസ്ത് മാസം മുതല്‍ മുഴുവന്‍ ഇടങ്ങളിലും വാക്‌സിന്‍ നിര്‍ബന്ധമാക്കി എല്ലാവരും വാക്‌സിനെടുക്കുന്നു എന്ന് ഉറപ്പ്‌വരുത്താനും ഭരണകൂടം ശ്രദ്ധിക്കുന്നു. സഊദിയില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകളും ദ്രുതഗതിയില്‍ നടക്കുന്നു. കോവിഡ് കേസുകള്‍ താരതമ്യേന കുറവും എല്ലാ മേഖലകളിലും ജനജീവിതം സാധാരണ ഗതിയിലേക്ക് എത്തുകയും ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ഓരോന്നായി പിന്‍വലിച്ചു കൊണ്ടിരിക്കുന്നു.
ഒരു വര്‍ഷത്തിനിപ്പുറം സഊദി പൗരന്മാര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കിയത് വലിയ നീക്കമാണ്. അതോടൊപ്പം വിദേശികള്‍ക്ക് സഊദിയില്‍ നേരിട്ട് എത്തി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ചെയ്യാനുള്ള അനുമതിയും വലിയ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കി കണ്ടത്. എന്നാല്‍ ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാനിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നത് ലക്ഷക്കണക്കിന് പ്രവാസികളെയാണ് പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. പലരും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതോടോപ്പം തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭീതിയിലുമാണ്. ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം വിലക്ക് നിലനില്‍ക്കുമ്പോള്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവരെ പകരം നിയമിച്ച് തൊഴിലിടങ്ങള്‍ സജീവമാകുമ്പോള്‍ മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ തൊഴിലാണ് ഇല്ലാതാവുക. അതോടൊപ്പം സ്‌കൂള്‍ തുറക്കുമ്പോള്‍ നാട്ടില്‍ പെട്ടുപോയ വിദ്യാര്‍ത്ഥികളും പഠനം മുടങ്ങുന്ന സാഹചര്യവും ഉണ്ടാവും. ഇന്ത്യയില്‍നിന്ന് സഊദി അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും അതത് രാജ്യങ്ങളില്‍ അവരുടെ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ടെസ്റ്റുകളും ക്വാറന്റൈന്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തൊഴില്‍ ചെയ്യുന്ന രാജ്യങ്ങളിലേക്ക് എത്താനുമുള്ള സാഹചര്യം ഉണ്ടാവണം.
അതിന് ശക്തമായ നയതന്ത്ര ഇടപെടല്‍ ഉണ്ടാവണം. കേന്ദ്ര സര്‍ക്കാറാണ് ഇത് ചെയ്യേണ്ടത് എങ്കിലും ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പ്രവാസികളെ മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക രംഗത്തെതന്നെ ഗുരുതരമായി ബാധിക്കുന്ന പ്രതിസന്ധിയായി കണ്ട് ചടുലമായ നീക്കങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനും പ്രവാസി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയും സത്വര നടപടികള്‍ സ്വീകരിക്കണം. ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് നാട്ടില്‍ അകപ്പെട്ടത്.