ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 20 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 11 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ ഉയര്‍ത്താന്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുന്നതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു. ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് സമ്മേളനം ചേരുന്നത്.
വര്‍ഷകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. സമ്മേളനത്തിന്റെ തുടക്കം പഴയ മന്ദിരത്തിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമ്മേളനത്തിന്റെ പാതിയില്‍ പുതിയ മന്ദിരത്തിലേക്ക് മാറാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. മണിപ്പൂര്‍ അടക്കം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ നിന്നും രക്ഷ നേടാന്‍ പഴുതു തേടുന്നതിനിടെ മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായത്.
വിവാദം മുറുകുന്നതിനിടെ വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. ഏകീകൃത സിവില്‍ കോഡ് ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അഭ്യൂഹങ്ങളും നടക്കുന്നത്.