X

കോവിഡ് പണി പറ്റിച്ചു! ഒരു വര്‍ഷത്തിനിടെ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രിയായി മോദി

ന്യൂഡല്‍ഹി: വല്ലപ്പോഴും ഇന്ത്യയിലെത്തുന്ന പ്രധാനമന്ത്രി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശകള്‍ പരിഹസിച്ചു വിളിച്ചിരുന്നത്. തുടര്‍ച്ചയായ വിദേശ യാത്ര മൂലമാണ് മോദിക്ക് അത്തരമൊരു പരിഹാസം ഏല്‍ക്കേണ്ടി വന്നിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനിടെ വിദേശയാത്ര നടത്താത്ത പ്രധാനമന്ത്രി എന്ന റെക്കോര്‍ഡും മോദി സ്വന്തമാക്കുകയാണ് ഇപ്പോള്‍.

കാരണം മറ്റൊന്നുമല്ല, കോവിഡ് മഹാമാരി തന്നെ. പ്രധാനമന്ത്രിയുടെ ഓഫീസിലെ വെബ്‌സൈറ്റ് പ്രകാരം 2020 വര്‍ഷത്തില്‍ നവംബര്‍ 22 വരെ മോദി ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ല. ഈ വര്‍ഷം ഇനി നടത്തുമെന്ന സൂചനയുമില്ല.

2019 നവംബറില്‍ ബ്രസീലിലേക്കായിരുന്നു മോദിയുടെ അവസാന സന്ദര്‍ശം. ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് അടുത്ത മാര്‍ച്ചില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനമാകും പ്രധാനമന്ത്രിയുടെ അടുത്ത വിദേശയാത്ര. എയര്‍ ഇന്ത്യ വണ്‍ എന്ന പേരില്‍ തയാറായ പുതിയ വിമാനത്തിലായിരിക്കും പ്രധാനമന്ത്രിയുടെ ഇനിമുതലുള്ള വിദേശയാത്രകള്‍.

മോദിയുടെ നിരന്തരമായ വിദേശയാത്രകള്‍ നേരത്തെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. 2014 ജൂണ്‍ 15 നും 2019 നവംബറിനും ഇടയില്‍ 96 വിദേശയാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്. 2014 ല്‍ എട്ട് രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി 2015 ല്‍ 23 ഉം 2016 ല്‍ 17 , 2017 ല്‍ 14 , 2018 ല്‍ 20 2019 ല്‍ 14 ഉം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

2015 മുതല്‍ 58 രാഷ്ട്രങ്ങളാണ് 2015ന് ശേഷം മോദി സന്ദര്‍ശിച്ചത്. 517.82 കോടി രൂപയാണ് ഈ യാത്രകള്‍ക്ക് ചെലവായത് എന്ന് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ പറയുന്നു. യുഎസ്, ചൈന, റഷ്യ എന്നിവിടങ്ങളിലേക്കാണ് മോദി കൂടുതല്‍ സഞ്ചരിച്ചത്. അഞ്ചു തവണ വീതം.

Test User: