ന്യൂഡല്‍ഹി: 12മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ജനത അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരുമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരുമോ അതോ കോണ്‍ഗ്രസ് എത്തുമോ എന്നതിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതാണ്. 2014-ലെ മികച്ച വിജയത്തിനുശേഷം 2019-ലും മോദി അധികാരത്തില്‍ തുടരുമെന്ന് ഒട്ടേറെ രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 29 സംസ്ഥാനങ്ങളില്‍ 21 -ലും ബി.ജെ.പി ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യമാണ് ഇപ്പോള്‍ ഭരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും ശക്തമായ ഒരു പ്രതിരോധത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുന്നുണ്ടോ എന്നത്
സംശയകരമാണ്.
2014-ലെ തെരഞ്ഞെടുപ്പില്‍ വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ പിന്തുണയാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. പാര്‍ലമെന്റിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണത്തില്‍ 75 ശതമാനത്തോളം പേരും ബീഹാര്‍, ചത്തീസ്ഗഢ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. എന്നാല്‍ ഇത്തവണ ഈ ആവര്‍ത്തനമുണ്ടാക്കുക ബി.ജെ.പിക്ക് എളുപ്പമാവില്ല. സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധവികാരവും പാര്‍ട്ടിയെ ദേശീയതലത്തില്‍ പിറകോട്ടടിക്കും. വിവിധ സംസ്ഥാനങ്ങളില്‍ ഭരണ കാലാവധി തീരാനിരിക്കുന്നതും ബി.ജെ.പിക്കെതിരെയുള്ള ഭരണവിരുദ്ധവികാരത്തിന് ശക്തികൂട്ടും. ഇത് മോദിക്കും അമിത്ഷാക്കും വിജയം നിലനിര്‍ത്തുക എളുപ്പമാക്കില്ല.
ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി തങ്ങളുടെ ശക്തികേന്ദ്രമാക്കാന്‍ നിലവില്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമായി 144 സീറ്റുകള്‍ പാര്‍ലമെന്റിലേക്കെത്തിക്കണമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് പറയാനാകില്ല. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന ഗോവയിലും മണിപ്പൂരിലും മേഘാലയിലും ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. കൂട്ടുകക്ഷി മന്ത്രിസഭയാണ് മൂന്നിടങ്ങളിലും ബി.ജെ.പിക്കുള്ളത്. 2019-ലെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കില്ലെന്ന് ഇതിനോടകം ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും മോദിക്ക് വെല്ലുവിളിയാവും.
അതേസമയം, പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിക്കാത്തത് ബി.ജെ.പിക്ക് ഗുണം ചെയ്യും. ഇടതുപാര്‍ട്ടികള്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങുകയാണ്. തലസ്ഥാനത്തുനിന്നും പുറത്തേക്ക് വ്യാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവില്‍ ആംആദ്മി പാര്‍ട്ടിക്കുള്ളത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വി ബി.ജെ.പിയുടെ താഴെ തട്ടിലുള്ള ഭിന്നത തുറന്നു കാണിക്കുന്നു. ബി.ജെ.പിക്കെതിരെ പ്രാദേശികതലത്തില്‍ മറ്റു പാര്‍ട്ടിക്കാര്‍ ഒറ്റക്കെട്ടായതാണ് തോല്‍വിക്ക് കാരണമായതെന്നും വിലയിരുത്തലുണ്ട്.
രാജ്യത്തെ സാമ്പത്തികമേഖലയിലുണ്ടായ ഞെരുക്കങ്ങള്‍ ബി.ജ.പിക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ‘അച്ഛാ ദിന്‍’ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാര്‍ സാമ്പത്തികമായി രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. തൊഴിലില്ലായ്മക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ തിരിച്ചടിക്കും. നോട്ട് നിരോധനവും ചരക്കുസേവന നികുതിയും(ജി.എസ്.ടി) സാമ്പത്തികമേഖലയില്‍ കനത്ത ആഘാതം സൃഷ്ടിച്ചു. 2014 നും 16നും ഇടയിലുള്ള കാലഘട്ടത്തില്‍ രാജ്യത്തെ മൊത്തം തൊഴില്‍ ശതമാനം കുറഞ്ഞുവെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെ ലക്ഷ്യംവെച്ചു നടപ്പാക്കാനിരുന്ന പദ്ധതികളുടെ വീഴ്ച്ചയും കാര്‍ഷിക രംഗത്തെ ജീര്‍ണ്ണാവസ്ഥയും കോണ്‍ഗ്രസ്സിന് ഉപയോഗിക്കാവുന്ന വിഷയങ്ങളാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ മുന്നേറ്റവും മഹാരാഷ്ട്രയില്‍ 50,000പേര്‍ പങ്കെടുത്ത കര്‍ഷക റാലിയും ബി.ജെ.പിയുടെ അടിത്തറ ഇളക്കി. മാഹാരാഷ്ട്രയിലെ കര്‍ഷക റാലിക്ക് സംസ്ഥാനസര്‍ക്കാര്‍ വഴങ്ങിയതും ഗ്രാമപ്രദേശങ്ങളില്‍ ബി.ജെ.പിയുടെ അധ:പതനത്തിന്റെ സൂചനകളാണ്. കര്‍ണ്ണാടക, ചത്തീസ്ഗഢ്,മധ്യപ്രദേശ്,രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലേക്കാണ് ഇനി എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്.
2019-ലെ തെരഞ്ഞെടുപ്പിലേക്ക് വോട്ടുകള്‍ ഏകോപിപ്പിക്കുക എന്ന വഴിയാണ് ഇനി ബി.ജെ.പിയുടെ മുന്നിലുള്ളത്. 2014-ല്‍ കോണ്‍ഗ്രസ്സിനെതിരെ വോട്ടുകള്‍ ഏകോപിപ്പിച്ച് ശക്തമായി മുന്നേറാനും ബി.ജെ.പിക്ക് കഴിഞ്ഞു. 2014-ലെ ബി.ജെ.പിയുടെ വോട്ട് ഷെയറില്‍ ഒരു മുഖ്യപങ്കുവഹിച്ചത് യുവാക്കളുടെ വോട്ടായിരുന്നു. കന്നിവോട്ടര്‍മാരും ബി.ജെ.പിയെ തുണച്ചിരുന്നു. എന്നാല്‍ മോദിക്കെതിരെയുള്ള വികാരം യുവവോട്ടര്‍മാരെ ബി.ജെ.പി.യില്‍ നിന്ന് പിറകോട്ടടിക്കാനാണ് സാധ്യത. സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ചുള്ള പദ്ധതികള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കരുതുന്നത്. മിക്ക സംസ്ഥാനങ്ങളിലും പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹിന്ദുത്വ കാര്‍ഡിറക്കി പ്രചാരണം നടത്തുകയെന്നതാണ് ബി.ജെ.പിയുടെ വോട്ട് പിടിക്കാനുള്ള അവസാനശ്രമം. അതേസമയം, ബി.ജെ.പിക്കെതിരെ ഒരുമിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. കോണ്‍ഗ്രസ് സ്ഥിരത നിലനിര്‍ത്തുന്ന കാഴ്ച്ചയും കാണാന്‍ കഴിയുന്നുണ്ട്. 12 മാസം മാത്രം ബാക്കി നില്‍ക്കെ വിജയം ആവര്‍ത്തിക്കുക എന്നത് മോദിക്ക് എളുപ്പമല്ലെന്നുറപ്പാണ്.