പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം 28ന് ഉദ്ഘാടനം നിര്‍വഹിച്ച രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിരിച്ച കാര്‍പ്പെറ്റുകള്‍ നിര്‍മിക്കാന്‍ ന്യൂസിലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്തത് 20000 കിലോ കമ്പിളിനൂല്‍. പ്രൊജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒബീടി കാര്‍പെറ്റ്‌സിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ന്യൂസിലന്‍ഡിന്റെ വടക്കുനിന്നും തെക്കുനിന്നും ശേഖരിച്ച മികച്ച കമ്പിളിനൂലാണ് പരവതാനികള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഒബീടി കാര്‍പെറ്റ്‌സിലെ പ്രൊഡക്ഷന്‍ വിഭാഗം തലവന്‍ സുധീര്‍ റായ് പറഞ്ഞു. നല്ല തിളക്കമുള്ളതും കൂടുതല്‍ കാലം കേടുകൂടാതെ നില്‍ക്കുന്നതുമായ ഗുണനിലവാരമുള്ള കമ്പിളി നൂലുകളാണ് ന്യൂസിലാന്‍ഡില്‍ നിന്നും എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിക്കാനീറിലെ ഒരു സ്പിന്നിംഗ് മില്ലില്‍ തങ്ങളുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് ഓരോ ഇഴകളും നിര്‍മിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയിലേയും ലോക്‌സഭയിലേയും പരവതാനികളില്‍ വ്യത്യസ്ത ഡിസൈനുകളാണ് നല്‍കിയിരിക്കുന്നത്. ലോക്‌സഭയില്‍ വിരിച്ചിരിക്കുന്ന പരവതാനിയിലെ മയില്‍ രൂപത്തില്‍ 38 നിറങ്ങളാണ് ഉപയോഗിച്ചത്. രാജ്യസഭയിലെ പരവതാനികളിലുള്ള താമരയുടെ രൂപത്തില്‍ പിങ്ക് മുതല്‍ കടുംചുവപ്പ് വരെയുള്ള 12 വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 314 തറികളും 900ലധികം നെയ്ത്തുകാരുമാണ് പരവതാനി നിര്‍മിക്കാന്‍ ആവശ്യമായി വന്നതെന്നും ഒബീടി കാര്‍പെറ്റ്‌സ് അറിയിച്ചു.