ഗാസിയാബാദ്: വ്യാജ പീഡന പരാതി നല്‍കിയ സ്ത്രീക്ക് പിഴ ശിക്ഷ വിധിച്ച് പ്രത്യേക കോടതി. 20,000 രൂപയാണ് പിഴയിട്ടത്. അയല്‍ക്കാരനായ വ്യക്തിക്കെതിരെയാണ് സ്ത്രീ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ അയല്‍ക്കാരനായ രജത് എന്ന വ്യക്തി ബലാത്സംഗം ചെയ്തുവെന്ന് കാണിച്ചായിരുന്നു സ്ത്രീ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് രജതിനെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ രജതിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചു.
കഴിഞ്ഞ ദിവസം പ്രത്യേക കോടതിയില്‍ കേസ് വിചാരണക്കെടുത്തപ്പോള്‍ മതിയായ തെളിവുകളൊന്നും ഹാജരാക്കാന്‍ വാദി ഭാഗത്തിന് സാധിച്ചില്ല. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സ്ത്രീക്കെതിരെ പിഴ ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ 15 ദിവസം ജയില്‍വസം അനുഭവിക്കേണ്ടി വരും. പിഴയില്‍ പകുതി രജതിന് നല്‍കണമെന്നും കോടതി വ്യക്തമാക്കി.