വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ എയര്‍ബസില്‍ നിന്ന് 56 സൈനിക യാത്രാ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ട് കേന്ദ്ര സര്‍ക്കാര്‍. 20,000 കോടിയുടേതാണ് ഇടപാട്.
സി -295 സീരീസില്‍പെട്ട എം.ഡബ്ല്യു സൈനിക യാത്രാ വിമാനങ്ങള്‍ക്കാണ് കരാര്‍ ഒപ്പിട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പുവെച്ചത്. ആകെ 56 വിമാനങ്ങളാണ് വാങ്ങുക. ഇതില്‍ ആദ്യ 16 എണ്ണം സ്‌പെയിനില്‍ നിര്‍മ്മിച്ച പൂര്‍ണ സജ്ജമായ നിലയില്‍ ഇന്ത്യക്ക് കൈമാറും. ശേഷിക്കുന്ന 40 എണ്ണം ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റവും എയര്‍ബസും സഹകരിച്ച് ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
രണ്ടു വര്‍ഷം കൊണ്ട് സ്‌പെയിനില്‍ നിര്‍മ്മിച്ച ആദ്യ വിമാനം ഇന്ത്യക്ക് കൈമാറും. ശേഷിച്ച 15 വിമാനങ്ങള്‍ തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വിമാനം അഞ്ചു വര്‍ഷം കൊണ്ടാണ് വ്യോമസേനയുടെ ഭാഗമാവുക. തുടര്‍ന്നുള്ള അഞ്ചു വര്‍ഷം കൊണ്ട് ശേഷിക്കുന്ന 39 വിമാനങ്ങള്‍ കൂടി വ്യോമസേനയുടെ ഭാഗമാകും വിധമാണ് കരാറിലെ വ്യവസ്ഥകള്‍. ഇന്ത്യയിലെ ടാറ്റാ ഗ്രൂപ്പും അമേരിക്കന്‍ കമ്പനിയായ എയര്‍ ബസും സ്പാനിഷ് കമ്പനിയായ ഡിഫന്‍സ് ആന്റ് സ്‌പേസും ചേരുന്ന ത്രികക്ഷി കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യന്‍ സ്വകാര്യ മേഖലയിലെ ആദ്യ എയ്‌റോസ്‌പേസ് പ്രോഗ്രാം കൂടിയാണിതെന്ന് കേന്ദ്രം അവകാശപ്പെട്ടു.