X

വീട്ടമ്മമാര്‍ക്ക് മാസാന്തം 2000 രൂപ; കര്‍ണാടക ഗൃഹലക്ഷ്മി പദ്ധതിക്ക് ബുധനാഴ്ച തുടക്കം

കര്‍ണാടകയില്‍ വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാസം രണ്ടായിരം രൂപവീതം ലഭ്യമാക്കുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് ജൂലൈ 19ന് തുടക്കമാകും. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ചിന വാഗ്ദാനങ്ങളില്‍ ശ്രദ്ധേയമായതാണ് ഗൃഹലക്ഷ്മി യോജന.

ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷനാണ് 19ന് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഗൃഹജ്യോതി പദ്ധതിക്ക് സമാനമായി ഗൃഹലക്ഷ്മി പദ്ധതിക്കും രജിസ്‌ട്രേഷന് വേണ്ടി പ്രത്യേക സമയപരിധിയില്ലെന്ന് വനിതാ ശിശു ക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ ബാംഗ്ലൂരില്‍ അറിയിച്ചു. എ.പി.എല്‍, ബി.ബി.എല്‍ വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡില്‍ കുടുംബനാഥയായി ചേര്‍ത്തിട്ടുള്ള സ്ത്രീയാണ് പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ കുടുംബനാഥയോ ഭര്‍ത്താവോ വരുമാന നികുതി (ജി.എസ്. ടി) അടക്കുന്നവരാകരുത് എന്ന നിബന്ധനയുണ്ട്. 1.28 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യാന്‍ ഗുണഭോക്താക്കളുടെ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ് സന്ദേശം വരും. തീയതിയും സമയവും രജിസ്‌ട്രേഷന് എത്തേണ്ട സമയവും അതില്‍ വ്യക്തമാക്കും. ഗ്രാമീണ മേഖലയില്‍ തൊട്ടടുത്തുള്ള ബാപ്പുജി സേവാകേന്ദ്രങ്ങളിലോ നഗര പ്രദേശങ്ങളില്‍ കര്‍ണാടക വണ്‍, ബെംഗളൂരു വണ്‍ കേന്ദ്രങ്ങള്‍ വഴിയൊ രജിസ്റ്റര്‍ ചെയ്യാം.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സിനെ ഭരണത്തില്‍ എത്തിക്കാന്‍ കാരണമായ 5 പദ്ധതികളില്‍ ഏറെ ശ്രദ്ധേയമായ പദ്ധതിയാണിത്. 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കിയത് പോലെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യ യാത്ര യാഥാര്‍ഥ്യമാക്കിയതും രാജ്യ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റത്തിന്ന് കര്‍ണാടകയിലെ ജനകീയ പദ്ധതികള്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കണക്കുകൂട്ടുന്നത്. അന്നഭാഗ്യ പദ്ധതിയില്‍ നല്‍കേണ്ട 10 കിലോ അരി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടും അതിന്റെ സംഖ്യ കാര്‍ഡുടമകളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം പൂര്‍ത്തീകരിച്ചു വരികയാണ്.

 

webdesk14: