X

2000ന്റെ ആദ്യ ഒറിജിനല്‍ കള്ളനോട്ട് ഗുജറാത്തില്‍ നിന്നുതന്നെ

ഗുജറാത്ത്: 2000ന്റെ ആദ്യത്തെ കള്ളനോട്ട് ഗുജറാത്തില്‍ നിന്നുതന്നെ പിടിയിലായി. റിസര്‍വ്വ് ബാങ്കിറക്കിയ പുതിയ 2000ന്റെ നോട്ടുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ പലയിടത്തുനിന്നും പിടികൂടിയിരുന്നു. എന്നാല്‍ ഗുജറാത്തിലെ ഒരു കടയില്‍ നിന്നും ഒറിജിനല്‍ കള്ളനോട്ട് കണ്ടെത്തുകയായിരുന്നു.

ഗുജറാത്തിലെ ബംഗ്ലാവ് റോഡില്‍ വാന്‍ഷ് ബരോട്ട് എന്നയാള്‍ നടത്തുന്ന കടയിലാണ് കള്ളനോട്ട് എത്തിയത്. കഴിഞ്ഞയാഴ്ച്ച കടയിലെത്തിയ ഒരാള്‍ വെള്ളം കുടിച്ച് നല്‍കിയ നോട്ടാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നോട്ടില്‍ വ്യാജ സെക്യൂരിറ്റി ത്രഡ്ഡും ദേശീയ ചിഹ്നത്തിന് താഴെയായി വാട്ടര്‍മാര്‍ക്കും കണ്ടെത്തുകയായിരുന്നു. മറ്റു രണ്ടായിരത്തിന്റെ നോട്ടുകളുമായി താരതമ്യപ്പെടുത്തിയപ്പോള്‍ നോട്ടിന് നീളക്കുറവും കനക്കുറവും ഉണ്ടായിരുന്നതായും കടയുടമ പറയുന്നു.

പിന്നീട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാല്‍ ദര്‍വാസ ബ്രാഞ്ചിലേക്ക് നോട്ടുകൊണ്ടുപോയി പരിശോധിക്കുകയും ചെയ്തു. അവിടെ നിന്ന് മാനേജര്‍ കള്ളനോട്ടാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വിഷയത്തില്‍ ആര്‍ബിഐയില്‍ പരാതി നല്‍കുമെന്നും കടയുടമ അറിയിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

chandrika: