X
    Categories: indiaNews

മന്ത്രിയുടെ വീടുള്‍പ്പടെ മണിപ്പൂരില്‍ അഗ്നിക്കിരയായത് 2,000 വീടുകള്‍

ന്യൂഡല്‍ഹി: വംശീയ കലാപത്തിന്റെ കനലുകള്‍ കെടാതെ മണിപ്പൂര്‍. ഇന്നലെ ബിഷ്ണുപൂര്‍, ചുരാചാന്ത്പൂര്‍ എന്നിവിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൊയ്ജാം ചന്ദ്രമോനി (30) എന്നയാളാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും ക്രിസ്ത്യന്‍ ദേവാലയങ്ങളും അഗ്നിക്കിരയാക്കി.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഗോവിന്ദാസ് കൊന്തൗജാമിന്റെ വീട് അക്രമികള്‍ അടിച്ചു തകര്‍ത്തു. മന്ത്രിയുടെ കുടുംബം സ്ഥലത്തില്ലാത്ത സമയത്തായിരുന്നു ആക്രമണം. സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയിതി വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കാനുള്ള മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ തീരുമാനമാണ് കലാപങ്ങള്‍ക്ക് തുടക്കമിട്ടത്.

അക്രമങ്ങളില്‍ ഇതുവരെ 74 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ ഭവന രഹിതരാവുകയും ചെയ്തിട്ടുണ്ട്. 2,000 വീടുകള്‍ കലാപകാരികള്‍ അഗ്നിക്കിരയാക്കിയതായാണ് ഔദ്യോഗിക കണക്കുകള്‍. അക്രമ സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാനായി ആയിരക്കണക്കിന് സൈനികരെ സംസ്ഥാനത്് വിന്യസിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആഴ്ചകളായി മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. ഇന്നലെ ബിഷ്ണുപൂരില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും വീടുകളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. പിന്നാലെ സംസ്ഥാനത്ത് സമാധാനം പാലിക്കണമെന്ന ആഹ്വാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി.

കലപാത്തില്‍ ഉള്‍പ്പെട്ട മെയ്തി, കുകി വിഭാഗക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഉടന്‍ സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു. കോടതി വിധിക്കു ശേഷം മണിപ്പൂരില്‍ ആക്രമണം നടക്കുന്നുണ്ട്. ഇരു വിഭാഗങ്ങളോടും സമാധാനം കാത്തു സൂക്ഷിക്കാനായി താന്‍ ആവശ്യപ്പെടുന്നു. എല്ലാവര്‍ക്കും നീതി നടപ്പാക്കും. താന്‍ ഏതാനും ദിവസത്തിനകം മണിപ്പൂരിലെത്തും മൂന്നു ദിവസം അവിടുണ്ടാകും സമാധാന ശ്രമങ്ങള്‍ക്കായി ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അമിത് ഷാ ഗുവാഹത്തില്‍ പറഞ്ഞു.

webdesk11: