X

2000 രൂപയൂടെയും വ്യാജനിറങ്ങി!

ആയിരം രൂപയും 500ഉം നിരോധിച്ചതോടെ ചില്ലറക്കായി ജനങ്ങള്‍ നെട്ടോട്ടം തുടരുകയാണ്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും രാത്രി വരെ നൂളുന്ന വരികള്‍ തുടരുന്നു. എന്നാല്‍, പുതുതായി എത്തിച്ച രണ്ടായിരം രൂപയാകട്ടെ, ചില്ലറ പ്രശ്‌നം ഇരട്ടിയാക്കുകയാണ് ചെയ്തതും.

പുതിയ 2000 രൂപ നോട്ടിന്റെ കള്ളനോട്ടിറക്കാന്‍ ആര്‍ക്കുമാകില്ലെന്നാണ് അവകാശവാദങ്ങള്‍. ചിപ്പുകളടക്കം പല സുരക്ഷാ സംവിധാനങ്ങളും ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും അവയെല്ലാം പൊളിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇപ്പോഴിതാ ചിക്കമംളൂരുവില്‍ 2000 രൂപക്ക് വ്യാജനുമിറങ്ങിയിരിക്കുന്നു. പഴയ നോട്ടു മാറ്റാന്‍ ഓടിനടക്കുന്നവരെ, പ്രത്യേകിച്ച് വിദ്യാഭ്യാസം കുറഞ്ഞവരെ കബളിപ്പിക്കുന്നതിനായി, 2000 രൂപ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണു പ്രചരിക്കുന്നത്. ഒരു കര്‍ഷകന് അബദ്ധം പിണയുകയും ചെയ്തു. ചിക്കമംഗളൂര്‍ പൊലീസ് സംഭവത്തില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പുതിയ നോട്ടുകള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് കളര്‍ഫോട്ടോ കോപ്പി തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നത് മുതലാക്കിയാണ് തട്ടിപ്പുകാരുടെ വിളയാട്ടം. പുതിയ 2000 രൂപ നോട്ടുകള്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് അച്ചടിച്ചിരിക്കുന്നതെന്നും ജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ പെട്ടുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉള്ളി കര്‍ഷകനായ അശോകിനാണ് 2000 രൂപയുടെ ഫോട്ടോകോപ്പി കിട്ടിയത്. അശോകില്‍ നിന്നും ഉള്ളി വാങ്ങിയ അപരിചിതനാണ് വ്യാജന്‍ നല്‍കി കബളിപ്പിച്ചത്. ഒറിജിനല്‍ നോട്ടിന്റെ ഫോട്ടോ കോപ്പിയാണ് തനിക്ക് കിട്ടിയതെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണ് അശോകിനും ബോധ്യമായത്. ഏതായാലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

chandrika: