X

പള്ളി പൊളിക്കലിനിടെ പിടിച്ചെടുത്ത 20 മത ഗ്രന്ഥങ്ങള്‍ തിരിച്ചുകൊടുക്കാം; ഹൈക്കോടതിയില്‍ ഡല്‍ഹി കോര്‍പ്പറേഷന്‍

ഇടിച്ചുനിരത്തലിനിടെ മെഹ്‌റോളി മസ്ജിദില്‍ നിന്ന് പിടിച്ചെടുത്ത 20 മത ഗ്രന്ഥങ്ങള്‍ തിരിച്ചുകൊടുക്കാമെന്ന് ദല്‍ഹി വികസന കോര്‍പ്പറേഷന്‍ (ഡി.ഡി.എ) ഹൈക്കോടതിയില്‍. മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിക്കവേയായിരുന്നു ഡല്‍ഹി കോര്‍പ്പറേഷന്‍ ഇക്കാര്യം അറിയിച്ചത്.
പള്ളി ഇടിച്ചുനിരത്തുന്നതിനിടയില്‍ അധികൃതര്‍ ഖുര്‍ആന്‍ കോപ്പികള്‍ കീറിയെറിഞ്ഞെന്നും മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും നശിപ്പിച്ചെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
ഇമാമടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത്, ആരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും എല്ലാവരേയും ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്ത ശേഷമായിരുന്നു ഇടിച്ചുനിരത്തല്‍.
ഖുര്‍ ആന്‍ അടക്കമുള്ള മതഗ്രന്ഥങ്ങള്‍ എടുത്തുമാറ്റാനോ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഭക്ഷ്യവസ്തുക്കളും മാറ്റാനോ ഉള്ള സാവകാശം പോലും നല്‍കാതെയായിരുന്നു പള്ളി ഇടിച്ചുനിരത്തിയത്. ഇതിന് പിന്നാലെ വിശ്വാസികള്‍ മസ്ജിദിന് അടുത്തേക്ക് വരുന്നത് പോലും വിലക്കി ഡല്‍ഹി പൊലീസിനെ കാവല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മസ്ജിദില്‍ നിന്ന് പിടിച്ചെടുത്ത 20 മതഗ്രന്ഥങ്ങള്‍ തിരിച്ചുകൊടുക്കാമെന്ന് ഡി.ഡി.എ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.
അതേസമയം അഖുന്ദ്ജി മസ്ജിദിന്റെ സ്ഥാനത്ത് എന്തെങ്കിലും രീതിയിലുള്ള പ്രവര്‍ത്തി ചെയ്യുന്നതില്‍ നിന്ന് ദല്‍ഹി കോടതി ദല്‍ഹി വികസന അതോറിറ്റിയെ വിലക്കി. ഈ മാസം 12ാം തിയതി ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ തത്സ്ഥിതി തുടരണമെന്നും ഡി.ഡി.എയോട് കോടതി നിര്‍ദേശിച്ചു.
മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍ പള്ളി നില്‍ക്കുന്ന ഭൂമിയൊഴികെ മെഹ്‌റോളിയില്‍ ദല്‍ഹി വികസന അതോറിറ്റി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇടിച്ചുനിരത്തലുകള്‍ തുടരാമെന്നും അതിന് തടസമില്ലെന്നും കോടതി പറഞ്ഞു. പ്രസ്തുത ഉത്തരവ് പള്ളി നിന്നിരുന്ന സ്ഥലത്തിന് മാത്രമേ ബാധകമാവൂ എന്നായിരുന്നു കോടതി പറഞ്ഞത്.
ഒരു നോട്ടീസ് പോലും നല്‍കാതെയാണ് പള്ളി ഇടിച്ചുനിരത്തിയതെന്നും ഒരു സര്‍വേ പോലും നടത്തിയിട്ടില്ലെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ അനധികൃത കയ്യേറ്റങ്ങള്‍ പൊളിക്കാനുള്ള ദല്‍ഹി റിലീജ്യസ് കമ്മിറ്റി ശുപാര്‍ശ പ്രകാരമാണ് പൊളിച്ചുനീക്കലെന്നും വഖഫ് ബോര്‍ഡിനോ മസ്ജിദ് കമ്മിറ്റിക്കോ അത് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നായിരുന്നു ഡി.ഡി.എയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ പുരാവസ്തു സ്മാരകമായ പള്ളി പൊളിക്കരുതെന്ന് ജനുവരി നാലിന് തന്നെ നടന്ന യോഗത്തില്‍ വഖഫ് ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നെന്ന കാര്യം മസ്ജിദ് കമ്മിറ്റി കോടതിയെ അറിയിച്ചു.
അതേസമയം അനധികൃത നിര്‍മിതിയെന്നാരോപിച്ച് മെഹ്‌റോളിയില്‍ പൊലീസ് തകര്‍ത്ത 600 വര്‍ഷം പഴക്കമുള്ള അഖൂന്ദ്ജി പള്ളി 1922ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

webdesk13: