തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മുറിവാലന്റെ ശരീരത്തിൽ നിന്ന് 20 പെല്ലറ്റുകൾ കണ്ടെത്തി. ഇതിന് കാലപ്പഴക്കമുള്ളതായി വൈദ്യസംഘം പറഞ്ഞു. ചക്കകൊമ്പനുമായി ഏറ്റുമുട്ടിയ മുറിവാലൻ കൊമ്പന് ശ്വാസകോശത്തിനേറ്റ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു.
19 പെല്ലറ്റുകളും ട്വല്‍വ് ബോര്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്യജീവികളെ തുരത്താനായി വനംവകുപ്പ് ഉപയോഗിക്കുന്ന തോക്കുകള്‍ ആണ് ട്വല്‍വ് ബോര്‍ ആക്ഷന്‍ തോക്കുകള്‍.
ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റാണ് ആന ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ മുറിവാലൻ കൊമ്പൻ്റെ പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു.
ദേവികളും റേഞ്ചില്‍ 4 ട്വല്‍വ് ബോര്‍ തോക്കുകള്‍ ആണുള്ളത്. എന്നാല്‍ ഇവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. കൊമ്പന്റെ ശരീരത്തില്‍ ഉള്ള പെല്ലറ്റുകള്‍ എയര്‍ഗണ്‍ പോലുള്ള തോക്കുകള്‍ ഉപയോഗിച്ച് വെടിവെച്ചതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇടത്തരം വലുപ്പമുള്ള ഒരു പെല്ലറ്റും മുറിവാലന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പെല്ലറ്റുകളൊന്നും ആനയുടെ ആന്തരികാവയങ്ങളില്‍ ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ളവയല്ല.