X
    Categories: Article

ഏകാധിപത്യത്തിന്റെ കൊടിക്കൂറകള്‍ ഉയര്‍ന്നു പറക്കുമ്പോള്‍

കെ. നിര്‍മ്മലന്‍ 

കേരളത്തില്‍ സി.പി.എം എന്ന രാഷ്ട്രീയപ്രസ്ഥാനം പിണറായി വിജയന്റെ കാല്‍ക്കീഴില്‍ ചുരുണ്ടുകൂടി കിടക്കുന്ന കാഴ്ചയാണ് പുതിയ മന്ത്രിസഭാരൂപീകരണവേളയില്‍ കണ്ടത്. ഏകാധിപത്യത്തിന്റെ പതാകവാഹകനായി പിണറായി പാര്‍ട്ടിയിലും സര്‍ക്കാറിലും നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എതിര്‍ശബ്ദം എവിടെയും ഉണ്ടാവുന്നില്ല. അഥവാ ഉണ്ടെങ്കില്‍ അവയെ പെട്ടെന്ന്തന്നെ ഇല്ലാതാക്കും. അതാണ് പിണറായി ശൈലി. മട്ടന്നൂരില്‍നിന്ന് ഏറ്റവുമധികം ഭൂരിപക്ഷത്തോടെ നിയമസഭയില്‍ എത്തിയ കെ.കെ ശൈലജയെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തിയ നടപടി പിണറായിയുടെ ഏകാധിപത്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. അറുപതിനായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ശൈലജ മന്ത്രിസഭയില്‍ ഇടം നേടുമെന്നാണ് എല്ലാവരും ധരിച്ചത്. സി.പി. എം അണികളും അനുഭാവികളും സ്വാഭാവികമായും അത്തരമൊരു പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ശൈലജയെ ഒഴിവാക്കുന്നതിന് കരുനീക്കങ്ങള്‍ അണിയറയില്‍ നേരത്തെ തുടങ്ങിയിരുന്നു. അതിന് നേതൃത്വം നല്‍കിയതാവട്ടെ പിണറായി വിജയനും. പോളിറ്റ് ബ്യൂറോയുടെ കിട്ടാവുന്ന അംഗങ്ങളെ സംഘടിപ്പിച്ച് യോഗം ചേര്‍ന്ന് മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍മാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. നിലവിലെ മന്ത്രിസഭയിലെ സി.പി.എം അംഗങ്ങള്‍ തുടരേണ്ടതില്ല എന്ന തീരുമാനത്തിന്പിന്നില്‍ ലക്ഷ്യമിട്ടത് ശൈലജയെ മാത്രമായിരുന്നു.

എന്താണ് കെ.കെ ശൈലജയോട് ഇത്ര വിരോധം എന്നൊന്നും ചോദിക്കരുത്. നിപയെയും ഇപ്പോള്‍ കോവിഡിനെയും പിടിച്ചുകെട്ടുന്നതില്‍ കെ.കെ ശൈലജ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എന്നാല്‍ അത് അംഗീകരിക്കാന്‍ പിണറായി വിജയന്‍ തയാറായിരുന്നില്ല. അതിന് എത്രയോ തെളിവുകളുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് രോഗ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടക്കത്തില്‍ വാര്‍ത്താസമ്മേളനം നടത്തി വിശദമാക്കിയിരുന്നത് ആരോഗ്യമന്ത്രി കെ.കെ ശൈലജയായിരുന്നു. എന്നാല്‍, ഇത് അധികകാലം തുടരാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അക്ഷരാര്‍ഥത്തില്‍ മൈക്ക് തട്ടിപ്പറിക്കുകയായിരുന്നു. തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. അതെന്തിനായിരുന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. അത്തരം അസഹിഷ്ണുതയുടെ തുടര്‍ച്ചയായാണ് മന്ത്രിസഭയില്‍നിന്ന് ശൈലജയെ മാറ്റിനിര്‍ത്തുന്നതില്‍ കലാശിച്ചത്.

തന്നേക്കാള്‍ ജനപ്രീതി ശൈലജ ടീച്ചര്‍ നേടിയെന്ന വികാരത്തിന്റെ പുറത്താണ് പിണറായി തുടക്കംമുതല്‍ പ്രവര്‍ത്തിച്ചത്. മത്സരരംഗത്ത് നിന്ന് ശൈലജ ടീച്ചറെ മാറ്റിനിര്‍ത്താന്‍ സാധിച്ചില്ല. അത് കൂടുതല്‍ അപകടം ചെയ്യുമെന്ന് പിണറായി വിജയന് അറിയാമായിരുന്നു. ടീച്ചറുടെ സ്വന്തം മണ്ഡലമായ കൂത്തുപറമ്പ് എല്‍.ജെ. ഡിക്ക് നല്‍കിയപ്പോള്‍ മട്ടന്നൂരിലാണ് അവരെ മത്സരിപ്പിച്ചത്. മികച്ച ഭൂരിപക്ഷം നേടിയ സമാജിക എന്ന നിലയില്‍ മന്ത്രിസഭയില്‍ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു അവര്‍. എന്നാല്‍, ശൈലജയെ ഒഴിവാക്കാന്‍ കൃത്യമായ പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടിരുന്നു. മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒഴികെ സി.പി.എം മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍ ആവണമെന്ന് സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും പി. ബിയുടെ തീരുമാനമെന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നാലുപേര്‍ മാത്രമാണ് ശൈലജയെ പിന്തുണച്ച് സംസാരിക്കാന്‍ ഉണ്ടായിരുന്നത്.

മന്ത്രിസഭയിലെ പ്രകടനവും തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയവും കേന്ദ്രകമ്മിറ്റി അംഗമെന്ന പരിഗണനയും ശൈലജയെ തുണച്ചില്ല. പിണറായി വിജയന്റെ സേച്ഛാധിപത്യം വിജയിക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ടുതവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതുപോലെ കര്‍ക്കശമായിരുന്നു മന്ത്രിമാരെ നിര്‍ണയിക്കുന്ന കാര്യത്തിലും പാര്‍ട്ടി സ്വീകരിച്ചത്. രണ്ടാമത്തെ കാര്യത്തില്‍ ലക്ഷ്യംവെച്ചത് ശൈലജ ടീച്ചറെ മാത്രമായിരുന്നു. അത്ര സമര്‍ത്ഥമായിരുന്നു കരുനീക്കങ്ങള്‍. സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും വിഷയം അവതരിപ്പിച്ചപ്പോള്‍ മാത്രമാണ് തന്റെ ചീട്ട് കീറിയ കാര്യം ശൈലജ അറിഞ്ഞത്. അവര്‍ക്ക് സ്വാഭാവികമായും പ്രതികരിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ല. അവര്‍ക്കുവേണ്ടി ചില സ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും പിണറായിയുടെ അധീശശക്തിക്കുമുന്നില്‍ അവയെല്ലാം ദുര്‍ബ്ബലമായി.

അങ്ങനെ പിണറായി വിജയന്‍ കാര്യം സാധിച്ചു. വളര്‍ന്നു പന്തലിക്കുമെന്ന് കരുതിയിരുന്ന ഒരു വ്യക്തിപ്രഭാവത്തെ കറിവേപ്പില പോലെ പുറത്തെറിഞ്ഞു. ശൈലജ പ്രതിഷേധവും അമര്‍ഷവും രോഷവും ഉള്ളിലൊതുക്കി കഴിയുകയാണ്. പാര്‍ട്ടിയാണ് വലുതെന്നും വ്യക്തി അപ്രസക്തമാണെന്നും പാര്‍ട്ടിയുടെ കൂട്ടായ്മയാണ് എല്ലാ വിജയത്തിനും കാരണമെന്നും അവര്‍ മാധ്യമങ്ങള്‍ക്ക്മുന്നില്‍ വിശദീകരിച്ചുവെങ്കിലും അവഗണിക്കുകയും അവമതിക്കപ്പെടുകയും ചെയ്തതിന്റെ വേദന ആ വാക്കുകളില്‍ പുരണ്ടിരുന്നു എന്ന് വ്യക്തം. ഏകാധിപത്യത്തിന്റെ സിദ്ധാന്തമാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത് എന്ന് വ്യക്തം. പാര്‍ട്ടി അതിനുള്ള എല്ലാ വഴികളും തുറന്നുകൊടുത്തിരിക്കുന്നു. സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലും ഭരണത്തിലും വലിയ പ്രാതിനിധ്യം നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നാണ് വെപ്പ്. എന്നാല്‍ പുരുഷാധിപത്യവും സവര്‍ണമേധാവിത്വവും പാര്‍ട്ടിയില്‍ എത്രമാത്രം ശക്തമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. കെ.ആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ നടന്ന ഗൂഢാലോചനകള്‍ ഇവിടെ കൂട്ടിവായിക്കാവുന്നതാണ്.

ഇ.എം.എസും ഇ. കെ നായനാരും ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഗൗരിയമ്മയുടെ മുഖ്യമന്ത്രിസ്ഥാനം അവസാനനിമിഷം തട്ടിതെറിപ്പിച്ചത്. ഗൗരിയമ്മ കടന്നുപോയി ദിവസങ്ങള്‍ക്കുള്ളില്‍ സമാനമായ അനുഭവം കെ.കെ ശൈലജയെ തേടിയെത്തി എന്നത് യാദൃച്ഛികം മാത്രം. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഗൗരിയമ്മയെ പല കാരണങ്ങള്‍ നിരത്തി പാര്‍ട്ടിയില്‍ നിന്നും തുരത്തുകയായിരുന്നു. അതേപോലെ ശൈലജക്കെതിരെ എന്തെല്ലാം ചാര്‍ജ്ജ് ഷീറ്റുകള്‍ വരും എന്നാണ് ഇനി അറിയാനുള്ളത്.

പാര്‍ട്ടി നേതൃത്വം എന്നാല്‍ പിണറായി മാത്രം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. മന്ത്രിസഭയില്‍ ആരെല്ലാം എന്ന വിഷയം പാര്‍ട്ടി കേന്ദ്രനേതൃത്വം പോലും അറിയാതെയും അവരോട് അന്വേഷിക്കാതെയുമാണ് ചര്‍ച്ച ചെയ്തത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പി.ബി അംഗം വൃന്ദകാരാട്ടിനും ശൈലജയെ ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയുണ്ട്. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാവുമെങ്കിലും കേന്ദ്രകമ്മിറ്റി അംഗമായ ശൈലജയെ പരിഗണിക്കും എന്ന സന്ദേശം അവസാനംവരെ നല്‍കി പിണറായിയും കൂട്ടരും കേന്ദ്ര നേതൃത്വത്തെ സമര്‍ത്ഥമായി കബളിപ്പിക്കുകയാണുണ്ടായത്. ഇക്കാര്യം അടുത്ത കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോ യോഗത്തിലും ചര്‍ച്ച ചെയ്യുക എന്ന വൃഥാവ്യായാമം മാത്രമെ കേന്ദ്ര നേതൃത്വത്തിന് ഇനി ചെയ്യാനുള്ളു. യെച്ചൂരിക്കും മറ്റും പിണറായിയുടെ ഏകാധിപത്യത്തില്‍ പ്രതിഷേധമുണ്ട്. എന്നാല്‍ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ച സംസ്ഥാന നേതാവിനോട് പാര്‍ട്ടി ലൈന്‍ വിശദീകരിക്കാനുള്ള ആര്‍ജ്ജവം യെച്ചൂരിക്ക് നഷ്ടമായിരിക്കുകയാണ്.

കേരളത്തില്‍ പാര്‍ട്ടി എന്നാല്‍ പിണറായി എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്. സി.പി.എം എന്ന പാര്‍ട്ടി രാഷ്ട്രീയപ്രസ്ഥാനം എന്ന നിലവിട്ട് ആദ്യന്തം പ്രഫഷണലായ ഒരു കമ്പനിയായി മാറുകയാണ്. അതിന്റെ തലപ്പത്ത് പിണറായി മാത്രം എന്നാണ് അവസ്ഥ. അഴിമതിക്കാരെയാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത്. കെ.ടി ജലീലിനെ മന്ത്രിയാക്കാന്‍ അവസാനഘട്ടം വരെ ശ്രമം നടന്നു. അഴിമതിക്കഥകള്‍ അധികമൊന്നും ഇല്ലാത്ത ജി. സുധാകരനെ പോലുള്ളവര്‍ക്ക് സീറ്റ് നല്‍കിയില്ല. അങ്ങനെ പാര്‍ട്ടി പിണറായിയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. വ്യക്തിയല്ല, പാര്‍ട്ടി എന്ന കൂട്ടായ്മയാണ് നേട്ടങ്ങള്‍ക്കെല്ലാം കാരണം എന്ന് ഒരു വശത്ത് ന്യായീകരിക്കുകയും അതിന്റെ ഭാഗമായി ശൈലജയെ പോലുള്ളവരെ മാറ്റിനിര്‍ത്തുകയും ചെയ്യുമ്പോള്‍ പിണറായി എന്ന ബിംബത്തെ പൂജിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. വോട്ടുകച്ചവടവും മറ്റു പലതരത്തിലുള്ള പ്രീണനവും നടത്തി അധികാരം നിലനിര്‍ത്തിയ ഇടതു സര്‍ക്കാറില്‍ ഇപ്പോള്‍ പിണറായിസം മാത്രമേയുള്ളു.

ഇനി നിലനില്‍ക്കുന്നതും അതായാരിക്കും. മുഖ്യമന്ത്രിയേക്കാള്‍ ജനം ചര്‍ച്ച ചെയ്യുന്നത് ശൈലജ ടീച്ചറെയാണ് എന്ന തോന്നല്‍ ഉണ്ടായപ്പോഴാണ് സായാഹ്നത്തിലെ പത്രസമ്മേളനം പിടിച്ചുവാങ്ങിയത്. അതിന്റെ മറ്റൊരു പതിപ്പാണ് മന്ത്രിസഭയില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തിയത്. മകളുടെ ഭര്‍ത്താവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള സാമാന്യ മര്യാദയും രാഷ്ട്രീയ ധാര്‍മ്മികതയും പിണറായിയുടെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. എല്ലാ മന്ത്രിമാരും മാറുമ്പോള്‍ പിണറായി മാത്രം എന്തിന് മാറാതിരിക്കണം എന്ന ചോദ്യം പാര്‍ട്ടിയില്‍ ആരും ഉന്നയിച്ചതുമില്ല. എം. എ ബേബി ഉള്‍പ്പെടെയുള്ളവര്‍ പിണറായിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത് രസമുള്ള കാഴ്ചയാണ്. പാര്‍ട്ടിയില്‍ ആരോഗ്യകരമായ സ്വയംവിമര്‍ശനത്തിന്റെ കാലവും കഴിഞ്ഞതായി ഇതോടെ ബോധ്യപ്പെടുകയാണ്. ഇതെല്ലാംതന്നെ ജനാധിപത്യത്തിന്റെ പരാജയമായി കാലം വിലയിരുത്തും എന്ന കാര്യത്തില്‍ സംശയമില്ല.

 

Test User: