മുംബൈ: സ്‌കൂളില്‍ നിന്നു പോയ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആറ് പേരെ കാണാതായി. മഹാരാഷ്ട്രയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ദഹനു തീരത്താണ് അപകടം. ദഹനു പാര്‍ നാകായിലെ ബാബുഭായി ജൂനിയര്‍ കോളജിലെ 40 പേര്‍ അടങ്ങിയ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പെട്ടത്.
രാത്രി വൈകിയും കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. ഒരു വശത്ത് അമിതമായി ആളുകള്‍ നിറഞ്ഞതോടെ നിയന്ത്രം തെറ്റി ബോട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മരിച്ച സോനാല്‍ ഭഗ് വാന്‍ സൂരതി, ജന്‍ഹാവി ഹാരിഷ് സൂരതി എന്നിവരുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെടുത്തു. ബിച്ച് തീരത്തു നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കോസ്റ്റ് ഗാര്‍ഡ്, അഗ്നിശമന സേന എന്നിവര്‍ കണ്ടെത്തിയത്. കടലില്‍ വീണ 32 കുട്ടികളെയും തിരച്ചില്‍ സംഘം രക്ഷപെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു എന്ന് ജില്ലാ കലക്ടര്‍ പ്രശാന്ത് നര്‍ണാവയര്‍ വ്യക്തമാക്കി.