നാദാപുരത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ചൊക്ലി സ്വദേശികളായ സനൂപ് (32), ശരത് (33) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഇവര്‍ മര്‍ദിച്ചത്.
ആശുപത്രിയില്‍ കാഷ്യാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ ഭരത് കൃഷ്ണയ്ക്ക് നേരെയാണ് രാത്രി 12 മണിയോടെ കൈയ്യേറ്റം നടന്നത്. ചെവി അടഞ്ഞെന്ന് പറഞ്ഞ് രണ്ട് പേരാണ് ഡോക്ടറുടെ അടുത്തെത്തിയത്. വയനാട്ടില്‍ നിന്ന് വരുന്നതാണെന്നും കുറ്റിയാടി ആശുപത്രിയില്‍ കാണിച്ചെന്നും മരുന്ന് ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഡോക്ടര്‍ മരുന്നിനെഴുതുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് നെബുലൈസേഷന്‍ നല്‍കുകയും ചെയ്തു. ഇതിനിടയില്‍ കൂടെ ഉണ്ടായിരുന്നയാളും ചെവി അടഞ്ഞിട്ടുണ്ട് ഇയാള്‍ക്കും മരുന്ന് നല്‍കണമെന്ന് നഴ്‌സ്മാരോട് ആവശ്യപ്പെടുകയും ചെയ്തു. ഒ.പി ടിക്കറ്റെടുക്കാതെ മരുന്ന് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവര്‍ നഴ്‌സ്മാരോട് തട്ടിക്കയറുകയായിരുന്നു. ഇതിനിടെ ഇവരുടെ കൂടെ ഉണ്ടായിരുന്ന് മറ്റ് രണ്ട് പേര്‍ കൂടെ വന്ന് ബഹളം തുടങ്ങിയതോടെ ഡോക്ടറും എത്തി.
ഒ.പി ടിക്കറ്റെടുക്കാതെ, പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്ന് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് ഡോക്ടര്‍ പറഞ്ഞു. താന്‍ മരുന്ന് നല്‍കാന്‍ പറഞ്ഞെന്നവകാശപ്പെട്ട് നഴ്‌സിനോട് അവര്‍ ദേഷ്യപ്പെട്ടുവെന്നും ഡോക്ള്‍ര്‍ പറഞ്ഞു. ഇതോടെ വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു.