1995ലെ ഇരട്ടക്കൊലപാതകക്കേസില്‍ ആര്‍.ജെ.ഡി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ പ്രഭുനാഥ് സിങ്ങിനെ വെള്ളിയാഴ്ച സുപ്രിംകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.മരിച്ച 2 പേരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതവും പരിക്കേറ്റയാള്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കണമെന്ന് ബിഹാര്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
1995 മാര്‍ച്ചില്‍ സരണ്‍ ജില്ലയിലെ ചപ്രയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുമ്പോഴാണ് സംഭവം. തനിക്ക് വോട്ട് ചെയ്യാത്തതിനാണ് സിംഗ് ഈ ക്രൂരകൃത്യം ചെയ്തത്. ദരോഗ റായിയുടെയും രാജേന്ദ്ര റായിയുടെയും മരണത്തിനും സ്ത്രീയെ കൊല്ലാന്‍ ശ്രമിച്ചതിനും മുന്‍ എം.എല്‍.എ കൂടിയായ സിംഗ് കുറ്റക്കാരനാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു.നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ അസാധാരണമായ വേദനാജനകമായ എപ്പിസോഡാണ് സംഭവമെന്ന് കോടതി പറഞ്ഞു.
തെളിവുകളുടെ അഭാവത്തില്‍ 2008 ഡിസംബറില്‍ ഒരു വിചാരണ കോടതി പ്രഭുനാഥ് സിംഗിനെ വെറുതെവിട്ടിരുന്നു. പിന്നീട് പറ്റ്‌ന ഹൈക്കോടതി 2012ല്‍ കുറ്റവിമുക്തനാക്കിയത് ശരിവച്ചു. ഇതിനെതിരെ രാജേന്ദ്ര റായിയുടെ സഹോദരന്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.