ഭൂവനേശ്വര്‍: ഒഡീഷ്യയില്‍ 90 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ടുപേര്‍ കോവിഡ് മുക്തരായി. സച്ചിദാനന്ദ മൊഹന്ദി, ധീരേന്ദ്രനാഥ് ദാസ് എന്നിവരാണ് കോവിഡ് മുക്തരായത്. കട്ടക്ക്, ഭൂവനേശ്വര്‍ എന്നിവിടങ്ങളിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. 91 വയസ്സാണ് ഇരുവരുടേയും പ്രായം.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ആശുപത്രി വിട്ടത്. കേന്ദ്രപ്പാരയിലെ പ്രഗത്ഭനായ അഭിഭാഷകനാണ് സച്ചിതാനന്ദ മൊഹന്ദി. ന്യൂറോളജി സംബന്ധമായ അസുഖങ്ങളും ഹൈപ്പോതൈറായിഡും അദ്ദേഹത്തെ അലട്ടിയിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഘട്ടം ഘട്ടമായി ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.
രോഗം ഭേദമായ രണ്ടാമന് ധീരേന്ദ്രനാഥ് ദാസ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തിന് ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് ഭേദമാവുകയായിരുന്നു.