X

എട്ടുവയസുകാരി പെണ്‍കുട്ടിയുടെ മരണം: പ്രതിഷേധത്തില്‍ രണ്ടു മരണം

 

ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള അക്രമങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് രണ്ടുപേര്‍ മരിച്ചത്. കഴിഞ്ഞയാഴ്ച കസൂര്‍ ജില്ലയിലെ വീടിനു പുറത്തുനിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. തെരച്ചിലിനൊടുവില്‍ മൃതദേഹം ചവറുകൂനക്കു മുകളില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിക്കുവേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം നിര്‍ത്തി മാതാപിതാക്കള്‍ ഉംറക്കു പോയ സമയത്താണ് സംഭവം. കുറ്റവാളിയെ പിടികൂടുന്നതില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനുകള്‍ക്കു നേരെ ജനം കല്ലേറ് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

chandrika: