ഇറ്റാനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ അരുണാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി 25 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു. രണ്ട് മന്ത്രിമാരും ആറ് എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പാര്‍ട്ടി വിടാന്‍ കാരണം.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജാര്‍പും ഗാംലിന്‍, ആഭ്യന്തരമന്ത്രി കുമാര്‍വയ്, ടൂറിസം മന്ത്രി ജാര്‍കര്‍ ഗാംലിന്‍ എന്നിവരാണ് പാര്‍ട്ടി വിട്ട പ്രമുഖര്‍. ഇവര്‍ കോണ്‍റാഡ് സാഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന അരുണാചല്‍ പ്രദേശില്‍ നേതാക്കളുടെ പാര്‍ട്ടി മാറ്റം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.