തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥി കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ഒരു ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കാനും ഉത്തരക്കടലാസ് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ സര്‍വകലാശാല നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളുകയും പാലക്കാട് സബ് കോടതി വിധി അംഗീകരിച്ച് നടപ്പാക്കാനും നിര്‍ദേശിച്ചു.
2018 ഫെബ്രുവരി 9 ലെ കോടതിവിധിയുടെയും 2019 ഡിസംബര്‍ 30ന് സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ 2020 ഡിസംബര്‍ 17ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരവും പലിശയും കോടതി ചെലവ് ഉള്‍പ്പെടെ 2,55920സര്‍വകലാശാല ഫണ്ടില്‍ നിന്ന് നല്‍കാനും ഇത് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നേരിട്ട് ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും തീരുമാനിച്ചിരുന്നു. 2020 മാര്‍ച്ച് ആറിന് ചെക്ക് വിദ്യാര്‍ഥിക്ക് സര്‍വകലാശാല കൈമാറി.ഉത്തര പേപ്പര്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് 2018 ജൂണ്‍ ഒന്നിന് സര്‍വകലാശാല ഇറക്കിയ ഉത്തരവ് അനുസരിച്ച് മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുള്ള സബ് കമ്മിറ്റി രൂപീകരിക്കുകയും എന്നാല്‍ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും ചെയ്തു തുടര്‍ന്ന് 2020 ജൂലൈ 15ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് ഇപ്പോഴത്തെ മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഈ കമ്മിറ്റിയും ഇതുവരെ ഉത്തരവാദികളെ കണ്ടെത്തി ശുപാര്‍ശകര്‍ സമര്‍പ്പിച്ചിട്ടില്ല.