ന്യൂഡല്‍ഹി: അധികാരത്തിലേറി മൂന്ന് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ കുത്തകകള്‍ക്കായി എഴുതിത്തള്ളിയത് 2.4 ലക്ഷം കോടി രൂപ. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് എഴുതിത്തള്ളിയത്. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഈ കണക്കുകള്‍ അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുകയും രാജ്യവ്യാപകമായി കര്‍ഷകര്‍ സമരം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ കുത്തകകള്‍ക്കായി ഇത്രവലിയ എഴുതിത്തള്ളല്‍ നടത്തിയത്. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും അവര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.