X
    Categories: indiaNews

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോവര്‍ഷവും കുറഞ്ഞുവരികയാണ്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാര്‍ച്ചില്‍ 27,398 ലക്ഷമായും കുറഞ്ഞു.

2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനംമാത്രമാണ് 2000ത്തിന്റെ നോട്ടുകള്‍. മൂല്യം കണക്കാക്കുമ്പോള്‍ ഇത് 22.6ശതമാനംവരും. 2000ത്തിന്റെ നോട്ടുകളുടെ പ്രചാരം കുറയുമ്പോള്‍ 500ന്റെയും 200ന്റെയും നോട്ടുകള്‍ അതിന് അനുപാതികമായി വിപണിയില്‍ വന്‍തോതില്‍കൂടുകയും ചെയ്തിട്ടുണ്ട്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നോട്ടുകളുടെ പ്രചാരത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറവുണ്ടായതായും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വ്യാപനംമൂലമുള്ള അടച്ചിടലണ് അതിന്റെകാരണമായി പറയുന്നത്.

2019-20 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം 2,96,695 കള്ളനോട്ടുകള്‍ കണ്ടെടുത്തു. ഇതില്‍ 4.6ശതമാനം നോട്ടുകള്‍ ആര്‍ബിഐയും 95.4ശതമാനം ബാങ്കുകളുമാണ് കണ്ടെത്തിയത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: