ഉത്തര്‍പ്രദേശില്‍ ആറു മാസത്തേക്ക് സമരത്തിന് നിരോധനം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. ഉത്തരവ് ലംഘിച്ച് സമരമോ പ്രക്ഷോഭ പരിപാടികളോ സംഘടിപ്പിക്കുന്നവരെ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാനും നിര്‍ദേശമുണ്ട്.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ നടക്കവേയാണ് 6 മാസത്തേക്ക് സമരം നിരോധിച്ചുകൊണ്ട് യോഗി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി കര്‍മ്മിഷ് ഡോ.ദേവേഷ് ചതുര്‍വേദിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
എസ്മ (എസ്സന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്ട്) നിയമം നിലവില്‍ വന്നതിന് ശേഷവും ഏതെങ്കിലും ജീവനക്കാരന്‍ പണിമുടക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താല്‍ നിയമലംഘനം ആരോപിച്ച് സമരക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
2023ലും യു.പി സര്‍ക്കാര്‍ 6 മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമരത്തെ നേരിടാനായിരുന്നു ഇത്. എം.എസ്.പി(മിനിമം താങ്ങുവില)ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നിലവില്‍ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം തുടങ്ങിയിരിക്കുന്നത്.
ഫെബ്രുവരി 13ന് കര്‍ഷക സംഘടനകള്‍ ദല്‍ഹി ചലോ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ പൊലീസ് തടഞ്ഞു. ഇതിനുമുമ്പ് കേന്ദ്രസര്‍ക്കാരിന്റെ 3 കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടും വലിയ കര്‍ഷക പ്രക്ഷോഭം നടന്നിരുന്നു.
2020 നവംബര്‍ 26ന് ആരംഭിച്ച കര്‍ഷകപ്രക്ഷോഭത്തില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയില്‍ ഒത്തുചേര്‍ന്നിരുന്നു.