X

മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് ഗുസ്തി താരങ്ങളെ തടയില്ല- ഹരിദ്വാര്‍ പൊലീസ്

മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന ഗുസ്തി താരങ്ങളുടെ പ്രഖ്യാപനത്തിനു പിന്നാലെ, താരങ്ങളെ തടയില്ലെന്ന് ഹരിദ്വാര്‍ പൊലീസ്. ഹരിദ്വാറിലേക്ക് കടക്കുന്നതില്‍ നിന്നോ മെഡലുകള്‍ ഒഴുക്കി വിടുന്നതില്‍ നിന്നോ താരങ്ങളെ തടയുകയില്ല.

ഗുസ്തി താരങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അവര്‍ പുണ്യ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കി വിടാൻ വരികയാണെങ്കില്‍ ഞങ്ങള്‍ അവരെ തടയില്ല. എനിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അത്തരം നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല – ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. ജനങ്ങള്‍ സ്വര്‍ണവും വെള്ളിയും ചാരവുമെല്ലാം ഗംഗയില്‍ ഒഴുക്കും. ഗുസ്തി താരങ്ങള്‍ക്ക് വേണമെങ്കില്‍ അവരുടെ മെഡലുകളും ഒഴുക്കാം. 15 ലക്ഷത്തോളം തീര്‍ഥാടകരാണ് ഗംഗ സപ്തമി ആഘോഷത്തിന് ഹരിദ്വാറില്‍ ഗംഗ സ്നാനത്തിനായി എത്തുന്നത്. ഗുസ്തി താരങ്ങളെയും സ്വാഗതം ചെയ്യുന്നു. -അജയ് സിങ് പറഞ്ഞു.

വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബി.ജെ.പി എം.പിയും റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരത്തിലാണ്. മെയ് 28ന് പുതിയ പാര്‍ലമെന്റ് കെട്ടിട ഉദ്ഘാടന വേളയില്‍ പാര്‍ലമെന്റിനുമുന്നില്‍ മഹിളാ പഞ്ചായത്ത് നടത്തുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതിനായി ജന്തര്‍ മന്തറില്‍ നിന്ന് മര്‍ച്ച്‌ നടത്തിയ താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുത്തു. അന്ന് രാത്രി വൈകിയാണ് അവരെ വിട്ടയച്ചത്. തൊട്ടുപിറകെ അവര്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

ഇതോടെയാണ് താരങ്ങള്‍ കടുത്ത സമര രീതിയിലേക്ക് തിരിഞ്ഞത്. തങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് മെഡലുകള്‍ നേടിയതെന്നും തങ്ങളുടെ ജീവിതമാണ് ഇതെന്നും പറഞ്ഞ താരങ്ങള്‍ ആത്മാഭിമാനം പണയപ്പെടുത്തി ജീവിക്കാനാകില്ലെന്നും വ്യക്തമാക്കി. തങ്ങളുടെ കണ്ണീര്‍ കാണാത്ത രാഷ്ട്രപതിക്ക് മെഡലുകള്‍ തിരിച്ചു കൊടുക്കാൻ താത്പര്യമില്ലെന്നും അതിനാല്‍ അവ ഗംഗയിലൊഴുക്കി ഇന്ത്യാ ഗേറ്റിനു മുന്നില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നുമാണ് താരങ്ങള്‍ പ്രഖ്യാപിച്ചത്.

webdesk14: