X

ലോകത്തിലെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കാലിഗ്രഫി; ഗിന്നസ് റെക്കോര്‍ഡിട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ജസീം

മലപ്പുറം: ലോകത്തിലെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കാലിഗ്രഫി സ്വന്തം കൈപ്പടയില്‍ എഴുതി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഒരു വിദ്യാര്‍ത്ഥി. പട്ടിക്കാട് ജാമിഅ നൂരിയ്യ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് ജസീമാണ് ഈ വേറിട്ട നേട്ടം സ്വന്തമാക്കിയത്. 1106 മീറ്റര്‍ നീളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും കൈകൊണ്ട് എഴുതിത്തയാറാക്കിയാണ് ജസീം ഈ നേട്ടം കൈവരിച്ചത്.

ജാമിഅ നൂരിയ്യ അറബിക്ക് കോളജിന് കീഴില്‍ കോഴിക്കോട് വെച്ച് നടന്ന ഖുര്‍ആന്‍ പ്രദര്‍ശന വേദിയിലൂടെയാണ് ഗിന്നസ് അറ്റംറ്റിന്റെ ഔദ്യാഗിക കര്‍മ്മങ്ങള്‍ ജസീം പൂര്‍ത്തിയാക്കിയത്. ലോക്ഡൗണ്‍ സമയത്ത് തുടങ്ങി രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് ഖുര്‍ആന്‍ എഴുതി പൂര്‍ത്തീകരിച്ചത്. എല്ലാ പേജുകളും ഓരോന്നായി മടക്കി അടുക്കിയാല്‍ 75 സെന്റീമീറ്റര്‍ ഉയരവും 34 സെന്റീമീറ്റര്‍ വീതിയും 118.300 കിലോഗ്രാം ഭാരവുമുണ്ട് ഈ ഖുര്‍ആന്‍. ഈ ഖുര്‍ആനില്‍ ആകെ 325384 അറബി അക്ഷരങ്ങളും 77437 അറബി വാക്കുകളും 114 അധ്യായങ്ങളും 6348 ആയത്തുകളും ഉണ്ട്. ആകെ 30 ജുസ്ഉകളില്‍ ഒരു ജുസ്അ് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 6575 പേജുകളാണ് വേണ്ടി വന്നത്. എല്ലാ പേജിലും ശരാശരി 9,10 വരികളാണുള്ളത്.

ചെറിയ പ്രായത്തില്‍ തന്നെ കലാപരമായ കഴിവ് തിരിച്ചറിഞ്ഞ ജസീം തന്റെ സഹോദരനായ അയ്യൂബിന്റെ ചിത്രകലാ ശ്രമങ്ങളില്‍ ആകൃഷ്ടനാവുകയും അതിനായുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. നാലാംക്ലാസ് സ്‌കൂള്‍ പഠനത്തിന് ശേഷം തിരൂര്‍ ചെമ്പ്രയിലെ അല്‍ ഈഖ്വാള് ദര്‍സിലാണ് മതപഠനം പൂര്‍ത്തിയാക്കിയത്. ഗുരുനാഥനായ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിലൂടെയാണ് കാലിഗ്രാഫി എന്ന കലയിലേക്കുള്ള ആദ്യ പടവകള്‍ ജസീം വെച്ചു തുടങ്ങുന്നത്. തുടര്‍ന്നങ്ങോട്ട് അറബിക് കാലിഗ്രാഫിയില്‍ നടത്തിയ പരിശ്രമമാണ് ഈ വിദ്യാര്‍ത്ഥിയെ ഈ വലിയ നേട്ടത്തിലേക്ക് എത്തിച്ചത്.

ഒറ്റനോട്ടത്തില്‍ തന്നെ ആരെയും വിസ്മയിപ്പിക്കുന്ന രീതിയിലാണ് ജസീം തന്റെ കാലിയോഗ്രാഫി പൂര്‍ത്തിയാക്കിയത്. ലോക അറബി ഭാഷാദിനത്തില്‍ തന്നെ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനായത് അഭിമാനകരമായെന്ന് ജസീം പറഞ്ഞു. ജസീമിന്റെ റെക്കോര്‍ഡ് അറ്റംറ്റിന്റെ സാങ്കേതിക സഹായങ്ങള്‍ ചെയ്തുകൊടുത്തത് ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനില്‍ ജോസഫാണ്. ഇതോടെ വ്യക്തിഗത ഇനത്തില്‍ കേരളത്തില്‍ നിന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കുന്നവരുടെ എണ്ണം 75 ആയെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സത്താര്‍ ആദൂര്‍ എന്നിവരും പറഞ്ഞു. മലപ്പുറം ചെറുമുക്ക് മാട്ടുമ്മല്‍ മുഹ്‌യിദ്ദീന്‍ആസ്യ ദമ്പതികളുടെ മകനാണ് ജസീം.

webdesk14: