ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനോട് തോറ്റ് ഇന്ത്യ. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ തോല്‍വി. മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യ ചുവടുറപ്പിക്കുന്നതിന് മുമ്പെ ഖത്തറിന്റെ ആദ്യ ഗോള്‍ പിറന്നു.
മൂന്ന് ഗോളില്‍ കളി തീരാന്‍ സഹായിച്ചത് ഇന്ത്യയുടെ പ്രതിരോധ നിരയും ഗോള്‍കീപ്പറും അവസരത്തിനൊത്ത് കളിച്ചത് കൊണ്ടാണ്. കൗണ്ടര്‍ അറ്റാക്കിലൂടെ ഇന്ത്യ ഖത്തറിന്റെ ഗോള്‍ മുഖത്ത് എത്താന്‍ സാധിച്ചെങ്കിലും വല കുലുക്കാന്‍ സാധിച്ചില്ല. ആദ്യ 30 മിനിറ്റിനുള്ളില്‍ ഖത്തര്‍ എട്ട് കോര്‍ണര്‍ കിക്കുകള്‍ നേടിയെടുത്തു. ശക്തമായ ഇന്ത്യന്‍ പ്രതിരോധം ഗോളെണ്ണം ഉയര്‍ത്താനുള്ള ഖത്തറിന്റെ ആഗ്രഹങ്ങള്‍ക്ക് തടസം നിന്നു.
ഇന്ത്യയുടെ ഭാഗത്തുനിന്ന് ഗോള്‍ പോസ്റ്റിനെ ലക്ഷ്യം വയ്ക്കുന്ന ആദ്യ ശ്രമം 35ാം മിനിറ്റിലാണ് വന്നത്. രണ്ടാം ഗോള്‍ നേടിയത് ഖത്തറിന്റെ അല്‍മാസ് അലിയാണ്. തമീം മന്‍സൂറിന്റെ പാസില്‍ നിന്ന് മുസ്തഫ താരീഖാണ് ഖത്തറിനായി ആദ്യ ഗോള്‍ നേടിയത്. 86-ാം മിനിറ്റിലാണ് ഖത്തറിന്റെ അവസാന ഗോള്‍ നേട്ടം.