രാജീവ് ചൗധരി
1960-ൽ സ്ഥാപിതമായ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (BRO) ജോലിയുടെ സ്വഭാവവും ഒറ്റപ്പെട്ട വിന്യാസവും കാരണം പുരുഷ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് പതിറ്റാണ്ട് മുമ്പ്, വിരലിലെണ്ണാവുന്ന വനിതാ ഓഫീസർമാർ ചേരാൻ തുടങ്ങിയെങ്കിലും ഗ്രൗണ്ട് ടാസ്‌ക്കുകളുടെ അപകടസാധ്യത കണക്കിലെടുത്ത് അവരെ സ്റ്റാഫ് നിയമനങ്ങളിൽ മാത്രമാണ് നിയമിച്ചത്.
‘നാരി സശക്തികരൻ’ എന്ന നിലവിലെ സർക്കാരിൻ്റെ പ്രമേയത്തിന് അനുസൃതമായി വനിതാ ഉദ്യോഗസ്ഥർക്ക് ലിംഗഭേദമില്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി 2021 മാർച്ച് 8-ന് DGBR ഒരു ചരിത്രപരമായ തീരുമാനമെടുത്തു, ആദ്യത്തെ വനിതാ ഓഫീസർ EE (Civ) ശ്രീമതി വൈശാലി എസ് ഹിവാസെ, റോഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ (RCC) ഓഫീസർ കമാൻഡിംഗ് ആയി നിയമിച്ചു.
2021 ഏപ്രിൽ 28-ന് അവർ തൻ്റെ അസൈൻമെൻ്റ് ഏറ്റെടുത്തു. മുൻഷിയാരിയെ ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ മിലാം ഹിമാനിയുമായി ബന്ധിപ്പിക്കുന്ന BRO യുടെ ഏറ്റവും ദുഷ്‌കരമായ റോഡുകളിലൊന്നിൻ്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. താമസിയാതെ, അരുണാചൽ പ്രദേശിലെ ജനവാസയോഗ്യമല്ലാത്ത സിയാങ് താഴ്‌വരയിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി ഒരു RCC യുടെ OC ആയി EE (Civ) ശ്രീമതി. ഒബിൻ ടാകി നിയമിതയായി.
ഈ സംരംഭത്തിൻ്റെ വിജയത്തെത്തുടർന്ന്, ചമോലി ജില്ലയിലെ പിപാൽകോട്ടിയിൽ ഒരു ഓൾ വിമൻ ആർസിസി സ്ഥാപിക്കുകയും 2021 ഓഗസ്റ്റ് 30-ന് മേജർ ഐന റാണയ്ക്ക് ഈ ആർസിസിയുടെ ചുമതല നൽകുകയും ചെയ്തു. അവരുടെ കീഴിലുള്ള മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരും വനിതാ ഓഫീസർമാരായിരുന്നു. 18,478 അടി ഉയരമുള്ള ഉംലിംഗ്‌ല കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ചുരമായ മന ചുരം വരെയുള്ള റോഡുകളുടെ വികസനത്തിന് അവർ ഉത്തരവാദിയായിരുന്നു. ആ ഉദ്യോഗസ്ഥയുടെ ചടുലമായ നേതൃത്വത്തിൽ ആർസിസി മികച്ച പ്രകടനം കാഴ്ചവച്ചു. 2022 ഒക്ടോബർ 22-ന് പ്രധാനമന്ത്രി മന ഗ്രാമത്തിൽ വന്ന്, മന ചുരം വരെയുള്ള തന്ത്രപ്രധാനമായ റോഡിൻ്റെ വീതി കൂട്ടുന്നതിന് തറക്കല്ലിട്ടു.
കാശ്മീർ താഴ്‌വരയിൽ വിന്യസിച്ചിരിക്കുന്ന ഒരു ഫീൽഡ് വർക്ക്‌ഷോപ്പിലെ ഓഫീസർ കമാൻ്റിംഗ് ആയ കേണൽ നവനീത് ദുഗ്ഗൽ ഏറ്റവും പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ സ്ഥലത്ത് ഒരു വർക്ക്‌ഷോപ്പ് മേധാവിത്വം വഹിക്കുന്ന ആദ്യത്തെ ഇ.എം.ഇ ഓഫീസർ കൂടിയാണ്. അവരുടെ നേതൃത്വത്തിൽ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നു. ലെഫ്റ്റനൻ്റ് കേണൽ (ഇപ്പോൾ കേണൽ) സ്നിഗ്ധ ശർമ്മ BRO യുടെ ആസ്ഥാനത്തെ ലീഗൽ സെല്ലിൻ്റെ മേധാവിയായ ആദ്യത്തെ വനിതാ ഓഫീസറാണ്. ഓർഗനൈസേഷൻ്റെ നിയമപരമായ സമഗ്രത ഉയർത്തിപ്പിടിച്ചുകൊണ്ട് 700-ലധികം കോടതി കേസുകൾ അവർ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ വനിതാ ഓഫീസർമാരുടെ എല്ലാ വിജയങ്ങളും അവരുടെ ഉപ യൂണിറ്റുകൾക്ക് നേതൃത്വം നൽകുമ്പോൾ നേടിയ നേട്ടങ്ങളും ലിംഗപരമായ തടസ്സങ്ങൾ തകർക്കുക മാത്രമല്ല, BRO ക്കുള്ളിൽ മികവിൻ്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഈ മികവുകൾ പരിഗണിച്ച് 2023 ഫെബ്രുവരിയിൽ അരുണാചൽ പ്രദേശിലെ സീറോയിൽ ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ കമാൻഡറായി കേണൽ അർച്ചന സൂദിനെ നിയമിച്ചു. അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്‌വരയിലെ റോഡുകളുടെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നു. 2023 ജൂണിൽ, ലഡാക്കിലെ ഹാൻലെയിൽ തന്ത്രപരമായ വളരെ പ്രധാനപ്പെട്ട ചില BRO പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ മേധാവിയായി കേണൽ പോനുങ് ഡോമിങ്ങ് തിരഞ്ഞെടുക്കപ്പെട്ടു. നിയോമയിലെയും ചുഷുൽ – ദുംഗ്‌തി – ഫുക്‌ചെ – ഡെംചോക്കിലെയും ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധവിമാനത്താവളങ്ങളിലൊന്നായ ലികാരു – മിഗ്‌ല – ഫുക്‌ചെ എന്നിവയെയും ബന്ധിപ്പിക്കുന്ന ചുമാർ സെക്ടറിൽ 19400 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും ശ്രമകരവുമായ സാഹചര്യങ്ങളിൽ LAC വഴിയുള്ള റോഡിൻ്റെ നിർമ്മാണം ഏറ്റെടുക്കാൻ അവരുടെ കീഴിൽ രണ്ട് വനിതാ ഓഫീസർമാരെ കൂടി നൽകി. 15000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന നിർമ്മാണ വിഭാഗമാണ് ഹാൻലെ ടാസ്ക് ഫോഴ്സ്. ഡെംചോക്കിനെ ചിസുംലെയുമായി ബന്ധിപ്പിക്കുന്ന ഉംമിംഗ്‌ലയിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് പരിപാലിക്കാനുള്ള ഉത്തരവാദിത്തവും അവർക്കാണ്.
രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ സ്ത്രീകൾ എപ്പോഴും സജീവ പങ്കാളികളായിരിക്കുമെന്ന് ബി. ആർ. ഒ. ഇന്ന് ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായുള്ള ബി. ആർ. ഒ യുടെ ബഹുമുഖ സമീപനത്തിൽ തൊഴിലവസരങ്ങളിലെ വൈവിധ്യങ്ങൾ, ലിംഗഭേദമില്ലാത്ത അന്തരീക്ഷത്തിൽ വളരാനുള്ള അവസരങ്ങൾ , ശരിയായ ആരോഗ്യപരിരക്ഷയുടെ ലഭ്യത , സാഹസിക/കായിക മേഖലകളിലുള്ള അവസരങ്ങൾ, അതുപോലെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അവർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ സമഗ്രമായി വികസിക്കാനുള്ള പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്നു. “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷിക്കുന്ന ബി. ആർ. ഒ, വിവിധ പര്യവേഷണങ്ങളിൽ, സ്ത്രീകൾ, അവരുടെ ശക്തിയും ചൈതന്യവും പ്രകടമാക്കി നയിക്കുന്ന സാഹസിക പ്രവർത്തനങ്ങളെ പിന്തുണച്ചു. ഇതിൽ പ്രധാനമായും പർവത ട്രെക്കിംഗ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, സൈക്ലിംഗ് എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ഡിസിപ്ലിനറി പര്യവേഷണം, പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകൾ മാത്രം പങ്കെടുത്ത ഒരു ഇലക്ട്രിക് വാഹന റാലി എന്നിവ ഉൾപ്പെടുന്നു.
ബി. ആർ. ഒയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് കമാൻഡ് പദവികൾ നൽകി. വനിതാ ഉദ്യോഗസ്ഥർ തങ്ങളുടെ കഴിവ് തെളിയിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്‌തതിനാൽ ഇതൊരു വലിയ മാറ്റമായിരുന്നു. ഈ വനിതാ ഉദ്യോഗസ്ഥർ ഒരുപാട് സ്ത്രീകൾക്ക് ബി. ആർ. ഒയിൽ ചേരുന്നതിനും അവരുടെ കഴിവിന്റെ ഉച്ചസ്ഥായിയിൽ പ്രവർത്തിക്കുന്നതിനും വഴികാട്ടികളായി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ആത്മാർത്ഥമായ പ്രയത്‌നങ്ങൾ വഴി പ്രോജക്റ്റ് സമയക്രമം ത്വരിതപ്പെടുത്തുക മാത്രമല്ല, മറ്റ് ഓർഗനൈസേഷനുകൾക്ക് അനുകരിക്കാൻ ഫലപ്രദവും പ്രചോദനാത്മകവുമായ മാതൃകയായി പ്രവർത്തിക്കുകയും ചെയ്തു. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ബി. ആർ. ഒ നിർണായക പങ്ക് വഹിക്കുന്ന പ്രതിരോധ മേഖല , അടിസ്ഥാന സൗകര്യ വികസനമേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ മുന്നേറ്റം പ്രകടമാണ്.