ആലപ്പുഴയില്‍ വീട്ടുജോലി ചെയ്തതിന് ലഭിക്കാനുള്ള അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക ചോദിച്ചതിന് യുവതിക്ക് നേരെ ക്രൂരമര്‍ദനം. കരുവാറ്റ സ്വദേശിനി രഞ്ജിമോളെ കുമാരപുരം തമാല്ലാക്കല്‍ മുറിയില്‍ ഗുരുകൃപ വീട്ടില്‍ ചെല്ലപ്പന്‍, മകന്‍ സൂരജ് എന്നിവരാണ് മര്‍ദിച്ചത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രിയോടെ രഞ്ജിമോള്‍ ജോലി ചെയ്യുന്ന ബേക്കറിയില്‍ വെച്ചാണ് മര്‍ദനമേറ്റത്. ചെല്ലപ്പന്റെ മകളുടെ വീട്ടില്‍ കുഞ്ഞിനെ നോക്കാനായി ഒന്നര വര്‍ഷത്തോളം ജോലി ചെയ്ത തനിക്ക് അഞ്ചുമാസത്തെ ശമ്പള കുടിശികയായ 76000 രൂപ ലഭിക്കാനുണ്ടെന്നാണ് രഞ്ജിമോള്‍ പറയുന്നത്. ഇത് സംബന്ധിച്ച് പരാതി നേരത്തെ പൊലീസിന് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ക്രൂരമര്‍ദനത്തിന് കാരണം.
ബേക്കറി കടയില്‍ കയറി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതിയെ കടയില്‍ നിന്ന് വലിച്ച് പുറത്തേക്ക് കൊണ്ടുവന്ന്
തലമുടിയില്‍ കുത്തിപ്പിടിക്കുകയും ഹെല്‍മെറ്റ് കൊണ്ട് തലക്കടിക്കുകയും ചെയ്തു. അടികൊണ്ട് വീണ യുവതി നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികള്‍ വീണ്ടും വലിച്ച് തള്ളി താഴെയിട്ട് ചവിട്ടുന്നുണ്ട്. ‘ഭൂമിക്ക് മുകളില്‍ തന്നെ വെച്ചേക്കില്ല’ എന്നു പറഞ്ഞാണ് മര്‍ദിച്ചതെന്ന് രഞ്ജിമോള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഹരിപ്പാട് താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി.