മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് മുസ്ലിം ലീഗ്. ഇരു സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിക്കായി പ്രവർത്തകർ പ്രചാരണ രംഗത്തിറങ്ങും. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ഇരു സംസ്ഥാനങ്ങളിലെയും മുസ്ലിം ലീഗ് ഭാരവാഹികൾ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
മുസ്ലിം ലീഗ് പി.എ.സി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ എന്നിവരുമായാണ് മഹാരാഷ്ട്ര, ജാർഖണ്ഡ് ലീഗ് നേതാക്കൾ ചർച്ച നടത്തിയത്.
മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അസ്ലം മുല്ല, ജനറൽ സെക്രട്ടറി സി.എച് അബ്ദുറഹ്മാൻ, വർക്കിങ് പ്രസിഡന്റ് ഇമ്രാൻ അഷ്റഫി, സെക്രട്ടറി കെപി മൊയ്ദുണ്ണി, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫർഹത് ശൈഖ്, ജാർഖണ്ഡ് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി ഫസൽ ഇമാം, ട്രഷറർ തബ്‌റീസ് അഹമ്മദ്, എം.എസ്.എഫ് ദേശീയ സെക്രട്ടറി മീർ ശഹബാസ് എന്നിവരുമാണ് കേരളത്തിലെത്തിയത്.
ഇന്ന് ചെന്നൈയിലെത്തുന്ന ഇവർ ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദർ മൊയ്ദീനുമായും രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യും. ഇന്ത്യ മുന്നണി നേതാക്കളുമായി മുസ്ലിം ലീഗ് ദേശീയ നേതാക്കൾ ചർച്ച നടത്തും. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടിപി അഷ്റഫലി, സെക്രട്ടറി സികെ ശാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പിവി അഹമ്മദ് സാജു, എം.എസ് അലവി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.