മാര്‍ക്ക് ഷീറ്റ് കയ്യില്‍ ലഭിച്ചപ്പോള്‍ അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ വിദ്യാര്‍ഥിയും കുടുംബവും. പരമാവധി 200 മാര്‍ക്ക് ലഭിക്കേണ്ടയിടത്ത് മാര്‍ക്ക് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 211ഉം 212ഉം മാര്‍ക്ക്. ഫോര്‍ത്ത് ഗ്രേഡ് വിദ്യാര്‍ഥി വന്‍ഷിബെന്‍ മനീഷ്ഭായാണ് അധിക മാര്‍ക്ക് നേടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഗുജറാത്തി, കണക്ക് എന്നീ വിഷയങ്ങളിലാണ് യഥാക്രമം 211ഉം 212ഉം മാര്‍ക്ക് ലഭിച്ചത്.
അതേസമയം, പിഴവ് സംഭവിച്ചതാണെന്നും മാര്‍ക്ക് തിരുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിക്ക് പുതുക്കിയ മാര്‍ക്ക് ഷീറ്റ് ലഭിക്കുകയും ചെയ്തു. ഇതില്‍ ഗുജറാത്തിയില്‍ 191ഉം കണക്കിന് 190ഉം മാര്‍ക്ക് ആണ് നല്‍കിയിട്ടുള്ളത്. മറ്റു വിഷയങ്ങളിലെ മാര്‍ക്കില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
നേരത്തേ 1000ല്‍ 956 മാര്‍ക്കാണ് ആകെ ഉണ്ടായിരുന്നത്. അത് 934 ആയി കുറഞ്ഞു. വിദ്യാര്‍ഥിനിക്ക് ഗുജറാത്തി, കണക്ക്, എന്‍വിയോണ്‍മെന്റ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ എല്ലാ വിഷയത്തിലും എ ഗ്രേഡ് ഉണ്ട്. 93.40 ശതമാനം മാര്‍ക്ക് ലഭിച്ചതിന്റെ സന്തോഷം വീട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് തെറ്റ് കണ്ടെത്തുന്നത്. സംഭവം പുറത്തറിഞ്ഞയുടന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പിശക് കണ്ടെത്താന്‍ നടപടി ആരംഭിച്ചു. കൂടാതെ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
മാര്‍ക്ക് ഷീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലരും വിമര്‍ശനവുമായി രംഗത്തുവന്നു. 200ല്‍ 211 മാര്‍ക്ക് കിട്ടുന്നതാണോ ഗുജറാത്ത് മോഡല്‍ എന്ന് നെറ്റിസണ്‍സ് ചോദിക്കുന്നു. ഗുജറാത്തില്‍ സ്‌കൂള്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പിഴവുകള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേഡില്‍ പിഴവ് വരുത്തിയതിന് രണ്ട് വര്‍ഷത്തിനിടെ 9000ത്തിലധികം അധ്യാപകര്‍ക്കാണ് പിഴ ചുമത്തിയത്. ഗുജറാത്ത് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2022നും 2023നും ഇടയില്‍ 10-ാം ക്ലാസിലെ 3,350ഉം 12-ാം ക്ലാസിലെ 5,868 ഉം ഉള്‍പ്പെടെ 9,218 അധ്യാപകര്‍ കണക്ക് കൂട്ടുന്നതില്‍ പിഴവ് വരുത്തിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുബേര്‍ ദിന്‍ഡോര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ കിരിത് പട്ടേലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 1.54 കോടി രൂപയാണ് ഈ ഇനത്തില്‍ അധ്യാപകരില്‍ നിന്ന് സര്‍ക്കാര്‍ പിഴ ചുമത്തിയത്.