വിവാഹക്ഷണപത്രികകള്‍ എന്നും കൗതുകം നിറഞ്ഞതാണ്. ഏറ്റവും പുതുമയുള്ളതാകണം അതെന്നാണ് എല്ലാവരും ആഗ്രഹിക്കുക. ഇവിടെ പക്ഷേ കാലപ്പഴക്കമാണ് ഈയൊരു വിവാഹക്ഷണക്കത്തിനെ ശ്രദ്ധേയമാക്കുന്നത്.
ഒന്നും രണ്ടുമല്ല, 90 വര്‍ഷം മുമ്പത്തെ കല്യാണക്കത്താണ് ഇവിടെ ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മുതുമുത്തച്ഛന്റെ കല്യാണകത്ത് ട്വിറ്ററില്‍ ഇട്ടത് സോണല്‍ ഭട്ട്‌ലയാണ്. ഉര്‍ദുഭാഷയില്‍ എഴുതിയ കത്തിന്റെ വിവാഹത്തീയതി ഏപ്രില്‍ 23, 1933. അഥവാ ഹിജറ വര്‍ഷം ദുല്‍ഹജ്ജ് 27, 1351.
മകന്റെ വിവാഹം ക്ഷണിച്ച് ബ്രൗണ്‍ വെള്ളകാര്‍ഡിലാണ് കത്ത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവിന്റെ തിരുനാമത്തില്‍ പ്രവാചകനന്ദിപ്രകടനത്തോടെയുള്ള കത്തില്‍ മകന്‍ ഹാഫിസ് മുഹമ്മദിന്റെ വിവാഹച്ചടങ്ങിന് എത്തണമെന്നാണ്പിതാവ് മുഹമ്മദ് ഇബ്രാഹിം ഹാഫിസ് ഷഹാബുദീന്‍ പറയുന്നത്. വരന്റെ വീട് കിഷന്‍ഗഞ്ചിലാണെന്നും കൃത്യം 11.30ന് വരനും സംഘവും നിക്കാഹിന് (സുന്നത്) പുറപ്പെടുമെന്നും വലീമ (സല്‍കാരം) ക്ക് കൃത്യസമയം പങ്കെടുത്താല്‍ അത് സന്തോഷകരമാണെന്നും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.