കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിലെ ഇരകളുടെ പുനരധിവാസം ഉടന്‍ നടപ്പിലാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദുരന്തം നടന്നിട്ട് നാലര മാസം പിന്നിട്ടിട്ടും ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല.
സാങ്കേതിക കാരണം പറഞ്ഞ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കിയിട്ടും പുനരധിവാസത്തിനായി ഒരു പദ്ധതിയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. കേരള സര്‍ക്കാറാണെങ്കില്‍ ചികിത്സാ സഹായമായി പ്രഖ്യാപിച്ച 75000 രൂപയും കൈമാറിയിട്ടില്ല.
ഉറ്റവരെയും ഉടയവരെയും ഉള്‍പ്പടെ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തേണ്ട സര്‍ക്കാര്‍, ഇനിയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.