X

വയനാട് പുനരധിവാസ പദ്ധതി; നടപടികള്‍ ത്വരിതപ്പെടുത്തും; മുസ്‌ലിം ലീഗ്

വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും വയനാട് ഉപസമിതി അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. കാലവിളംബം കൂടാതെ ഭവന നിര്‍മ്മാണം ആരംഭിക്കും. സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിന്റെ പ്രായോഗികത വിലയിരുത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്താനും അതിന് ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.വയനാട് ഉരുള്‍പൊട്ടലിന്റെ ആഘാതം അനുഭവിച്ചവര്‍ മാസങ്ങളായി ദുരിതത്തിലാണ്. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും ഇപ്പോള്‍ വാടക വീടുകളിലും താമസിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. ഇതുസംബന്ധമായി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മുസ്‌ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്നും യോഗം വ്യക്തമാക്കി.

ആദിവാസികളുടെയും മലയോര നിവാസികളുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുകയും അവരെ വനംവകുപ്പിന്റെ അടിമകളാക്കി മാറ്റുകയും ചെയ്യുന്ന വനം നിയമഭേദഗതി ജനവിരുദ്ധമാണെന്നും യോഗം വിലയിരുത്തി. സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്തിരിയാത്ത പക്ഷം സമര പരിപാടികള്‍ ആലോചിക്കാനും തീരുമാനിച്ചു. പ്രളയദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നിലമ്പൂരില്‍ നിര്‍മ്മിച്ച 10 വീടുകളുടെ താക്കോല്‍ദാന പരിപാടി ഈ മാസം 29ന് നടത്താനും തീരുമാനിച്ചു. രാവിലെ 11 മണിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി കെ.പി.എ മജീദ് പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, സി.എ.എം.എ കരീം, ഉമര്‍ പാണ്ടികശാല, അബ്ദുറഹ്മാന്‍ കല്ലായി, സി.പി ബാവ ഹാജി, ടി.എം സലിം, സി.എച്ച് റഷീദ്, സി.പി സൈതലവി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സി. മമ്മൂട്ടി, കെ.എം ഷാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യു.സി രാമന്‍ എന്നിവരും വയനാട് ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ, അംഗങ്ങളായ ടി. മുഹമ്മദ് വയനാട്, പി. ഇസ്മായില്‍, ടി.പി.എം ജിഷാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

webdesk18: