വഖഫ് ബിൽ സംബന്ധിച്ച് 1.25 കോടി പേർ സംയുക്ത പാർലമെന്ററി സമിതിയെ അഭിപ്രായങ്ങൾ അറിയിച്ചതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവും ഝാർഖണ്ഡിൽനിന്നുള്ള ലോക്സഭാംഗവുമായ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. ജെ.പി.സി ചെയർമാനും ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി എം.പിയുമായ ജഗദാംബികാ പാലിന് അയച്ച കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.
വഖഫ് ബില്ലിനെ എതിർക്കുന്ന മുസ്‍ലിം സംഘടനകളുടെയും അനുകൂലിക്കുന്ന സംഘ് പരിവാറിന്റെയും ആഹ്വാനത്തെതുടർന്ന് ആളുകൾ മത്സരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ജെ.പി.സിക്ക് ഇ മെയിൽ അയച്ചതോടെയാണ് അഭിപ്രായങ്ങൾ കോടി കടന്നത്.
എന്നാൽ, ഈ മെയിലുകൾ വന്ന ഉറവിടങ്ങൾ അന്വേഷിക്കണമെന്നും സാകിർ നായികിന്റെയും ഐ.എസ്.ഐ, ചൈന തുടങ്ങിയ വിദേശശക്തികളുടെയും പങ്ക് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു.