വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷവും അഭിമാനവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം. യുഡിഎഫിന്റെ കുഞ്ഞാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. അന്ന് പദ്ധതിയെ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയെന്ന് പറഞ്ഞയാളാണ് പിണറായി വിജയന്‍. കടള്‍ക്കൊള്ളയെന്നാണ് സിപിഎം മുഖപത്രം വിശേഷിപ്പിച്ചത്. ഓര്‍മ്മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ടെന്നും വി ഡി സതീശന്‍ പരിഹസിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ എത്തി.
പുതുചരിത്രം പിറന്നു.
2015 ഡിസംബര്‍ 5 ന് തറക്കല്ലിട്ട പദ്ധതി.
പൂര്‍ണ തോതില്‍ ചരക്കു നീക്കം നടക്കുന്ന തരത്തില്‍ ട്രയല്‍ റണ്ണും നാളെ തുടങ്ങും.
നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം UDF സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം.
വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കടല്‍ക്കൊള്ള’ എന്ന് എഴുതിയത് CPM മുഖപത്രമായ ദേശാഭിമാനി. അന്ന് ഉമ്മന്‍ ചാണ്ടിയേയും UDF നേയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ്.
വിഴിഞ്ഞം UDF ന്റെ കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. ഓര്‍മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെകിടന്നോട്ടെ.
കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് ഇന്ന് വിജയകരമായ ട്രയല്‍ റണ്‍ നവടന്നു. ഇതോടെ വിഴിഞ്ഞം തുറമുഖം ലോകത്തെ ചരക്ക് നീക്കങ്ങളുടെ ഭൂപടത്തില്‍ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടു. ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിന്റെയും രാജ്യത്തിന്റെയും സ്വപ്നതീരമായത്. രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞത്തെത്തുന്ന മദര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കത്തിന് കൂടുതല്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ കരയടുക്കുന്നതിന് മുമ്പായി തന്നെ സാന്‍ ഫെര്‍ണാന്‍ഡോയുടെ നിയന്ത്രണം വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തിരുന്നു. പൈലറ്റ് തുഷാര്‍ നിത്കറും സഹപൈലറ്റ് സിബി ജോര്‍ജ്ജുമായിരുന്നു കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തത്. റഷ്യന്‍ സ്വദേശി ക്യാപ്റ്റന്‍ വോള്‍ഡിമര്‍ബോണ്ട് ആരെങ്കോയില്‍ നിന്നായിരുന്നു കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഓഷ്യന്‍ പ്രസ്റ്റീജ് എന്ന ടഗ്ഗിലൂടെയാണ് പൈലറ്റ് കപ്പലില്‍ കയറിയത്. കരയോട് അടുപ്പിക്കാനുള്ള മൂറിങ് 9.30നായിരുന്നു. കൂറ്റന്‍ വടം ഉപയോഗിച്ച് കപ്പലിനെ ബര്‍ത്തില്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണ് മൂറിങ്. കപ്പല്‍ തീരംതൊടുമ്പോള്‍ മന്ത്രിമാരായ വി എന്‍ വാസവനും സജി ചെറിയാനും വിഴിഞ്ഞത്ത് സന്നിഹിതരായിരിന്നു.
7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. മൂന്നുമാസക്കാലം ഈ വിധം ട്രയല്‍റണ്‍ തുടരും. ജൂലൈയില്‍ തന്നെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോര്‍ട്‌സ് അറിയിച്ചു. പ്രകൃതി ഒരുക്കിയ സ്വഭാവികമായ അനുകൂല ഘടകങ്ങളാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. കിലോമീറ്റര്‍ ദൂരം കണക്കാക്കിയാല്‍ ഏതാണ്ട് 19 കിലോമീറ്റര്‍ മാത്രം ദൂരം. ഡ്രെഡ്ജിങ് നടത്താതെ തന്നെ ഏതാണ്ട് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകതുറമുഖവും വിഴിഞ്ഞമാണ്. ഈ സ്വഭാവികമായ സാധ്യത ഉപയോഗിച്ച് കൂറ്റന്‍ കപ്പലുകള്‍ക്ക് ഇവിടെ അടുക്കാന്‍ സാധിക്കും. ഏതാണ്ട് 24,000 ടിഇയുവിനു മുകളില്‍ ഭാരം കയറ്റാവുന്ന കപ്പലുകള്‍ക്ക് വിഴിഞ്ഞം തീരത്ത് അടുക്കാനാവും.
യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യ, ചൈന, ജപ്പാന്‍ അടക്കമുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കപ്പല്‍പാതയുടെ രാജ്യത്തെ ഏറ്റവും പ്രധാന നങ്കൂരമായി വിഴിഞ്ഞം തുറമുഖം മാറും. തിരുവനന്തപുരത്തെ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വിഴിഞ്ഞം തുറമുഖത്ത് നിന്നും 16 കിലോമീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. വിഴിഞ്ഞത്തേയ്ക്ക് റെയില്‍ ഗതാഗതത്തിനുള്ള സൗകര്യങ്ങളും വിഴിഞ്ഞത്ത് ഒരുങ്ങുന്നുണ്ട്. ഇതോടെ ചരക്ക് നീക്കത്തിന്റെ കര-വ്യോമ-കടല്‍ മാര്‍ഗ്ഗമുള്ള അനുകൂല സാഹചര്യമുള്ള തുറമുഖമെന്ന ഖ്യാതിയും വിഴിഞ്ഞത്തിന് കൈവരും.
വിഴിഞ്ഞം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ 50 ശതമാനത്തിലേയറെയും ഇവിടേയ്ക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ സിംഗപ്പൂര്‍, ദുബായ്, കൊളംബോ തുറമുഖങ്ങളെയാണ് ചരക്ക് നീക്കത്തിനുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി ഇന്ത്യ ആശ്രയിക്കുന്നത്. വിഴിഞ്ഞം പ്രവര്‍ത്തന സജ്ജമാകുന്നതോടെ രാജ്യത്തേയ്ക്കുള്ള ചരക്ക് നീക്കത്തിന്റെ പ്രധാനപ്പെട്ട ട്രാന്‍സ്ഷിപ്പ്‌മെന്റ് കേന്ദ്രമായി ഈ തുറമുഖം മാറും. ഇതുവഴി കോടിക്കണക്കിന് രൂപ രാജ്യത്തിന് വിദേശനികുതി ഇനത്തില്‍ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഴിഞ്ഞം തുറമുഖം പൂര്‍ണരൂപത്തിലായാല്‍ നിരവധി മദര്‍ഷിപ്പുകള്‍ക്ക് ഒരേസമയം നങ്കൂരമിടാനാകും.
സര്‍ക്കാര്‍ സ്വകാര്യസംയുക്ത സംരംഭമായാണ് വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാക്കുക. കേരളത്തിന്റെ നിയന്ത്രണത്തിലുള്ള തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിനും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനുമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുചുമതല. 40 വര്‍ഷമാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്.