ശ്രീലങ്കന്‍ പരമ്പരയില്‍ വിശ്രമം ആവശ്യപ്പെട്ട സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മ്മയെയും ടീമില്‍ തിരിച്ചുവിളിച്ചതില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. അജിത്ത് അഗാര്‍ക്കര്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുകഴിഞ്ഞു.
അതിനാല്‍ ഇരുവരും വലിയ മത്സരങ്ങളുടെ ഭാഗമാകണം. ബാറ്റര്‍മാരേക്കാള്‍ ബൗളര്‍മാര്‍ക്കാണ് വിശ്രമം നല്‍കേണ്ടത്. അതുകൊണ്ടാണ് ശ്രീലങ്കന്‍ പരമ്പരയില്‍ ബുംറയ്ക്ക് വിശ്രമം നല്‍കിയത്. എന്നാല്‍ ഒരു ബാറ്റര്‍ മികച്ച ഫോമിലാണെങ്കില്‍ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ടെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
കോഹ്‌ലിയും രോഹിത്തും കായികക്ഷമത സൂക്ഷിക്കുകയാണെങ്കില്‍ 2027ലെ ഏകദിന ലോകകപ്പില്‍ ഇരുവര്‍ക്കും കളിക്കാന്‍ കഴിയും. ഇരുവരിലും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തിരിച്ചുവരികയാണ്. ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര വരുന്നു. ഈ സമയങ്ങളില്‍ കായികക്ഷമത കാത്തുസൂക്ഷിക്കാന്‍ ഇരുതാരങ്ങള്‍ക്കും കഴിയണം. താനാണ് ഇരുവരും ശ്രീലങ്കന്‍ പരമ്പരയുടെ ഭാഗമാകണമെന്ന് പറഞ്ഞത്. അവരില്‍ എത്ര ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് തനിക്ക് അറിയാന്‍ കഴിയണം. ഇരുവരെയും ശ്രദ്ധിക്കൂ. ഇപ്പോഴും രണ്ട് താരങ്ങളും ലോകോത്തര ബാറ്റര്‍മാരാണെന്നും ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
ലോകത്തെ ഏറ്റവും മികച്ച ടീമിനെയാണ് താന്‍ ഏറ്റെടുക്കുന്നത്. ട്വന്റി 20യില്‍ ലോകചാമ്പ്യനും ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഫൈനലിസ്റ്റുകളുമാണ് ഇന്ത്യ. ഈ ടീമിനെ സന്തോഷത്തോടെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഒരുപാട് ആശയകുഴപ്പങ്ങള്‍ തനിക്കില്ല. എങ്കിലും ചില കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി തനിക്ക് നല്ല ബന്ധമുണ്ട്. ഏത് പ്രശ്‌നത്തിലും തനിക്ക് ജയ് ഷായെ സമീപിക്കാം. ഗൗതം ഗംഭീര്‍ എന്ന വ്യക്തി പ്രധാനമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയര്‍ച്ചയാണ് പ്രധാനമെന്നും ഗംഭീര്‍ വ്യക്തമാക്കി.