കെഎം ഷാജിക്കെതിരായ സ്വത്തുസമ്പാദനക്കേസില്‍ വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
ബാങ്ക് ഗ്യാരന്റിയില്‍ 47 ലക്ഷം രൂപ തിരിച്ചുനല്‍കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഷാജിയുടെ അഴിക്കോട്ടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 47 ലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. സിപിഎം പ്രവര്‍ത്തകനായ അഭിഭാഷകനായ ഹരീഷിന്റെ നടപടിയിലായിരുന്നു നടപടി. കെഎം ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്നായിരുന്നു പരാതി.
പിടിച്ചെടുത്ത തുക തിരികെ ലഭിക്കാനായി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. താന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത പണമാണിതെന്ന് ഷാജി കോടതിയെ അറിയിച്ചു. പണം പിരിച്ചതിന്റെ രശീതി ഹാജരാക്കി. രശീതികളില്‍ പൊരുത്തക്കേടുണ്ടെന്നും നിലവില്‍ പണം തിരികെ നല്‍കുന്നത് ശരിയാകില്ലെന്നുമായിരുന്നു വിജിലന്‍സിന്റെ വാദം. ഇത് ഹൈക്കോടതി തള്ളുകയായിരുന്നു.