X

വീരപ്പന്‍ വേട്ടയുടെ പേരില്‍ നരനായാട്ട്; 215 ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍, ശിക്ഷ ശരിവച്ച് ഹൈക്കോടതി

കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്ത സ്ത്രീകള്‍ക്ക് ഒടുവില്‍ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീല്‍ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു കോടതി ഉത്തരവിട്ടു.

പ്രതികള്‍ 2011 മുതല്‍ നല്‍കിയ അപ്പീലുകള്‍ തള്ളി ജസ്റ്റിസ് പി.വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാന്‍ സെഷന്‍സ് കോടതിക്കു ജഡ്ജി നിര്‍ദേശം നല്‍കി. 1992 ജൂണിലാണ് 18 യുവതികള്‍ പീഡിപ്പിക്കപ്പെട്ടത്. ഇരകള്‍ക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നു കോടതി ഉത്തരവിട്ടു. മരണപ്പെട്ട മൂന്ന് സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളില്‍ നിന്നാണ് ഈടാക്കേണ്ടത്. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങള്‍ക്കും, വാചാതി പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനും നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. നാലു ഐ.എഫ്.എസുകാരടക്കം വനംവകുപ്പിലെ 126 പേര്‍, പൊലീസിലെ 84, റവന്യൂ വകുപ്പിലെ അഞ്ചു ഉദ്യോഗസ്ഥരാണു കേസിലെ പ്രതികള്‍.

വീരപ്പനെ സഹായിക്കുന്നെന്നും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചെന്നും രഹസ്യവിവരം കിട്ടിയെന്നു പറഞ്ഞാണ് അന്വേഷണസംഘം അന്ന് വാചാതി ഗ്രാമം വളഞ്ഞത്. ഉദ്യോഗസഥര്‍ വീടുകള്‍ ആക്രമിച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്കു ശേഷം, റെയ്ഡിനിടെ പീഡിപ്പിക്കപ്പെട്ടതായി യുവതികള്‍ പരാതിപ്പെട്ടു. സംഭവം നടന്ന് 2 പതിറ്റാണ്ടിനു ശേഷം 2011 സെപ്റ്റംബറിലാണു പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്.

webdesk13: