ഒട്ടനവധി മലയാള ചലച്ചിത്ര ഗാനങ്ങളെ കൊണ്ട് മലയാളിയെ തഴുകിയുറക്കിയ വാനമ്പാടിക്ക് ഇന്ന് 60 തികയുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ വിവിധ ഭാഷകളിലായി പതിനയ്യായിരത്തോളം ഗാനങ്ങൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങളും നിരവതി തവണ ലഭിച്ചിട്ടുണ്ട്.
1963 ജൂലൈ 27-ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻനായരുടെ പുത്രിയായി തിരുവനന്തപുരത്താണ് ചിത്രയുടെ ജനനം.സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ തന്നെ ആയിരുന്നു.പിന്നീട് കെ ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു.1979-ൽ അട്ടഹാസമെന്ന ചിത്രത്തിന് വേണ്ടി എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന ‘ചെല്ലം ചെല്ലം’ എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു ചിത്രയുടെ തുടക്കം.
പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടമാണ്. യേശുദാസിനൊപ്പം നടത്തിയ സംഗീതപരിപാടികൾ ചിത്രയുടെ ആദ്യകാല സംഗീതജീവിതത്തിലെ വളർച്ചക്ക് സഹായകമായി.
തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച ‘നീ താനേ’ അന്നക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. 6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ എസ് ചിത്ര ദക്ഷിണേന്ത്യയുടെ ‘വാനമ്പാടി’ എന്നാണ് അറിയപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രക്ക് ജന്മദിനാശംസ നേർന്നു.