കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ വജ്രായുധമാണ് ഈ ഉറുഗ്വായ് പ്ലേമേക്കർ. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിന് സീസണിന്റെ തുടക്കം മുതൽ തന്നെ തിരിച്ചടികൾ നേരിട്ടിരുന്നു. ലൂണയുടെ പരിക്കാണ് ഏറ്റവും ഒടുവിലത്തേത്.
ബ്ലാസ്റ്റേഴ്സിന്റെ ബുദ്ധികേന്ദ്രമായ ലൂണ പുറത്തായത് ടീമിന്റെ ആക്രമണത്തിൽ നിഴലിച്ച മത്സരമായിരുന്നു പഞ്ചാബ് എഫ്സിക്ക് എതിരേ ഡൽഹിയിൽ അവസാനിച്ചത്. 1 – 0 നു ബ്ലാസ്റ്റേഴ്സ് ജയം നേടിയെങ്കിലും ലൂണയുടെ അഭാവം മഞ്ഞപ്പടയുടെ മുന്നേറ്റത്തിൽ നിഴലിച്ചു. പരിക്ക് മൂലം താരത്തിന് 3 മാസത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഈ സീസണിൽ ലൂണ വീണ്ടും കളിക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇത് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന് തിരിച്ചടിയാകും. അതുകൊണ്ടാണ് വരുന്ന ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ഒരു വിദേശ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് ഒരു മിടുക്കനായ കളിക്കാരനെയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടത്.
അതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഉറുഗ്വേൻ സൂപ്പർ താരം നിക്കോളാസ് ലോഡെയ്‌റോയെയാണ് ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. 34 കാരനായ താരം ഇപ്പോൾ അമേരിക്കൻ ലീഗിൽ കളിക്കുകയാണ്.
മേജർ ലീഗ് സോക്കറിൽ നിലവിൽ 33 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ കരാർ ഡിസംബർ 31ന് മേജർ ലീഗ് സോക്കർ ലീഗ് ക്ലബ്ബുമായി അവസാനിക്കും. അത് കൊണ്ട് തന്നെ താരത്തെ ലോനിൽ ടീമിലെത്തിക്കാനാവും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.