കോപ അമേരിക്കയില്‍ ഉറുഗ്വേ സെമി ഫൈനലില്‍. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ഉറുഗ്വേ ബ്രസീലിനെ തോല്‍പ്പിച്ചത്.നിശ്ചിത സമയത്ത് കളി ഗോള്‍ രഹിതമായതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിനായിരുന്നു വിജയം. ഇനി ഉറുഗ്വേ കൊളംബിയയെ ആകും സെമി ഫൈനലില്‍ നേരിടുക.
ഇന്ന് തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം ഉള്ള പോരാണ് ഉറുഗ്വേക്കും ബ്രസീലിനും ഇടയില്‍ കാണാൻ ആയത്. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ അവസരങ്ങള്‍ തടയുന്നതില്‍ ആയിരുന്നു ടീമുകളുടെ ശ്രദ്ധ. ഉറുഗ്വേ വളരെയധികം ഫൗളുകള്‍ വഴങ്ങുന്നത് കാണാൻ ആയി. ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും പിറന്നില്ല.
രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു. പക്ഷെ ഉറുഗ്വേയുടെ ഡിഫൻസീവ് ബ്ലോക്ക് മറികടക്കുക എളുപ്പമായിരുന്നില്ല. 74ആം മിനുട്ടില്‍ ഉറുഗ്വേ താരം നാൻഡെസ് ചവപ്പ് കണ്ട് പുറത്ത് പോയി. റോഡ്രിഗോയെ ഫൗള്‍ ചെയ്തതിന് ആയിരുന്നു നാൻഡെസ് ചുവപ്പ് കണ്ടത്.
10 പേരായി ചുരുങ്ങിയതോടെ ഉറുഗ്വേ തീർത്തും ഡിഫൻസിലേക്ക് മാറി. അവർ നിശ്ചിത സമയം അവസാനിക്കുന്നത് വരെ കളി സമനിലയില്‍ നിർത്തി. തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
വാല്വെർദെ എടുത്ത ഉറുഗ്വേയുടെ ആദ്യ കിക്ക് വലയില്‍. ബ്രസീലിനായി മിലിറ്റാവോ എടുത്ത കിക്ക് റോചെ സേവ് ചെയ്തു. ബെന്റ്കോറും ഉറുഗ്വേയുടെ കിക്ക് വലയിക് എത്തിച്ചു. പെരേര ബ്രസീലിനായും സ്കോർ ചെയ്തു. സ്കോർ 2-1. അരസ്കെറ്റയും ഉറുഗ്വേക്ക് ആയി സ്കോർ ചെയ്തു.
ബ്രസീലിനായി മൂന്നാം കിക്ക് എടുത്ത ഡഗ്ലസ് ലൂയിസിന്റെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. സ്കോർ 3-1. ഉറുഗ്വേയുടെ അടുത്ത കിക്ക് അലിസണ്‍ സേവ് ചെയ്ത ബ്രസീലിന് പ്രതീക്ഷ നല്‍കി. മാർട്ടിനെല്ലി എടുത്ത കിക്ക് വലയില്‍. സ്കോർ 3-2. ഉഗാർടെ എടുത്ത അവസാന കിക്ക് വലയില്‍ എത്തിയതോടെ ഉറുഗ്വേ സെമിയില്‍. ബ്രസീല്‍ പുറത്ത്.