X

ഉറുദു അധ്യാപകനെ കൊണ്ട്‌ ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടു ; ഒരാൾ അറസ്റ്റിൽ

ഫ്ലാറ്റ് സമുച്ഛയത്തിൽ ട്യൂഷനെടുക്കാനെത്തിയ ഉറുദു അധ്യാപകനെ ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് പരാതി. തുടർന്ന് അസഭ്യം പറയുകയും ഫ്ലാറ്റിലെ ലിഫ്റ്റിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. സംഭവത്തിൽ മനോജ് കുമാർ (36) എന്നയാളെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെ ഗാസിയാബാദ് പഞ്ച്ഷീൽ വെല്ലിങ്ടണിലാണ് സംഭവം. മുഹമ്മദ് ആലംഗീർ എന്ന ഉറുദു അധ്യാപകനാണ് ഭീഷണിക്കിരയായത്. ഫ്ലാറ്റിലെ ലിഫ്റ്റിൽ വെച്ച് കണ്ടയുടൻ മനോജ് അടക്കമുള്ള പ്രതികൾ തന്നെ തുറിച്ചുനോക്കുകയും എ​ങ്ങോട്ടാണ് പോകുന്നതെന്ന് ചോദ്യംചെയ്യുകയും ചെയ്തുവെന്ന് അലംഗീർ പറഞ്ഞു.

പതിനാറാം നിലയിലെ ഒരു ഫ്‌ളാറ്റിൽ വിദ്യാർത്ഥിക്ക് ഉറുദു പഠിപ്പിക്കാൻ പോവുകയാണെന്ന് ആലംഗീർ മറുപടി നൽകി. ഉടൻ കുമാർ ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ കുമാർ ഇയാളെ നിർബന്ധിച്ചു. പ്രതികരിക്കാ​തിരുന്നപ്പോൾ കുമാർ കൂടുതൽ അക്രമാസക്തനായെന്ന് പരാതിയിൽ പറയുന്നു.

“ലിഫ്റ്റ് ഒന്നാം നിലയിൽ നിർത്തിയപ്പോൾ അയാൾ എന്നെ നിർബന്ധിച്ച് പുറത്താക്കി. പതിനാറാം നിലയിലേക്ക് പോകാൻ അവർ അനുവദിച്ചില്ല. അതിനിടെ, കുമാർ മറ്റൊരു താമസക്കാരനെ വിളിച്ച് മുസ്‍ലിംകളെ എന്ന് മുതലാണ് ഫ്ലാറ്റ് സമുച്ഛയത്തിൽ കയറ്റാൻ തുടങ്ങിയതെന്ന് ചോദിച്ചു. ഒടുവിൽ അവർ എന്നോട് കെട്ടിടത്തിൽനിന്ന് പുറത്ത് പോകാൻ പറഞ്ഞു’ – ആലംഗീർ പറഞ്ഞു.

പ്രതിയായ മനോജ് കുമാർ സൊസൈറ്റിയിലെ താമസക്കാരനാണെന്ന് വേവ് സിറ്റി അസിസ്റ്റന്റ് പൊലീസ് കമീഷണർ ലിപി നാഗയിച്ച് പറഞ്ഞു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബി.എൻ.എസ്) വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

കേസിൽ പ്രതികളായ മറ്റുള്ളവരെ തിരിച്ചറിയാൻ അന്വേഷണം നടക്കുകയാണെന്ന് എ.സി.പി പറഞ്ഞു. ആലംഗീറിനെ കുറിച്ച് തനിക്ക് സംശയം തോന്നിയത് കൊണ്ടാണ് ചോദ്യംചെയ്തതെന്നും അനുചിതമായ രീതിയിൽ പ്രതികരിച്ചതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

webdesk13: