കൻവാർ യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർദേശം നൽകിയ യു.പി, ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഏത് തരം ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഹോട്ടലുകൾ പ്രദർശിപ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ നിർദേശത്തിനെതിരെ ദൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദും മനുഷ്യാവകാശ പ്രവർത്തകൻ ആകർ പട്ടേലും ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ മഹുവ മൊയ്ത്ര അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഹരജി ഫയൽ ചെയ്തിരുന്നു.
ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്‌വി, നിർദേശങ്ങൾക്ക് പിന്നിലെ യുക്തിയില്ലായ്മ ചോദ്യം ചെയ്തു. നിർദേശം നടപ്പിലാക്കുന്ന പൊലീസ് വിഭജന നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പത്രപ്രസ്താവനയിൽ ഇറക്കിയ ഉത്തരവുകളാണോ അതോ നിർദ്ദേശങ്ങൾ ആണോയെന്ന് ബെഞ്ച് ചോദിച്ചപ്പോൾ, നേരത്തെ പത്രപ്രസ്താവനകളിലൂടെ നിർദേശങ്ങൾ നൽകിയിരുന്നതായും അധികാരികൾ ഇത് കർശനമായി നടപ്പിലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നുണ്ടെന്നും സിംഗ്‌വി കോടതിയെ അറിയിച്ചു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡോ സിംഗ്വി കൂട്ടിച്ചേർത്തു. 14, 15, 17 അനുച്ഛേദങ്ങൾ പ്രകാരം ഉറപ്പുനൽകിയിട്ടുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് നിർദേശങ്ങളെന്നും ഹരജിക്കാർ വാദിച്ചു.