X

യു.പി സംഭാല്‍ ശാഹി മസ്ജിദ് വെടിവെപ്പ്: സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍

ഉത്തർപ്രദേശിലെ സംഭാൽ ശാഹീ മസ്ജിദിൽ പരിശോധനക്ക് എത്തിയ പോലീസ് സംഘം അഞ്ച് യുവാക്കളെ വെടിവെച്ച്കൊന്ന അത്യന്തം ഖേദകരമായ സംഭവത്തിൽ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിം ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്റ് പാർട്ടി ലീഡറുമായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഇന്ന് പാർലമെന്റിന്റെ ശൂന്യവേളയിൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ആവശ്യപ്പെട്ടു.

1991 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആരാധനാലയ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇപ്പോൾ നടന്നുവരുന്നത്. ഒരു ബാബരിക്ക് ശേഷം നിരവധി ബാബരികൾ സൃഷ്ടിക്കപ്പെടുകയാണ്. ബാബരി മസ്ജിദ് വിഷയത്തിൽ രാജ്യത്ത് വിവിധ തലങ്ങളിൽ വ്യത്യസ്തമായ ചർച്ചകൾ നടന്നിരുന്നു. എന്നാൽ സുപ്രീംകോടതിയുടെ വിധിയിലെ പരാമർശങ്ങളും നാം ഓർത്തിരിക്കേണ്ടതാണ്. ശാഹീ മസ്ജിന് ശേഷം അജ്മീർ ദർഗയേയും വർഗീയവാദികൾ നോട്ടമിട്ടിരിക്കുകയാണ്. വളരെ ക്രൂരവും നീചവും പൈശാചികവുമായ നടപടികളാണ് സർക്കാർ മുസ്ലിംകളുടെ ആരാധനാലയങ്ങളുടെ കാര്യത്തിൽ കൈക്കൊള്ളുന്നത്.

രാജ്യത്തിന്റെ നൻമയും ജനാധിപത്യ അവകാശങ്ങളും പതിയെ പതിയെ ഇല്ലാതെയാക്കുകയും ഒരു വിഭാഗം ജനതയെ മനപ്പൂർവ്വം അവമതിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. സർക്കാർ നേതൃത്വത്തിൽ ആരാധനാലയങ്ങൾ കയ്യേറുന്ന സാഹചര്യം അടിയന്തരമായി ഒഴിവാക്കപ്പെടേണ്ടതാണ്. 1991 ലെ നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങൾക്ക് എതിരെയും സർക്കാർ നടപടി കൈകൊള്ളുകയും ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് പാർലമെന്റിൽ വെക്കുകയും ചെയ്യണമെന്നും ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഇ.ടി. ആവശ്യപ്പെട്ടു.

webdesk14: