X

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായതിന് ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള പ്രദേശത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് പാർട്ടി വിജയിച്ചതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ സ്ഥാനാരോഹണം.

ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ഇന്ന് നടക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ സമിതിയുടെയും സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ 11.30ന് ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഒമർ അബ്ദുള്ളയുടെയും മന്ത്രിമാരുടെയും സത്യവാചകം ചൊല്ലിക്കൊടുക്കും.

ജമ്മു കശ്മീരിൻ്റെ അടുത്ത മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ഇന്ന് ശ്രീനഗറിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യാ സഖ്യ നേതാക്കളെ നാഷണൽ കോൺഫറൻസ് (എൻ.സി) ക്ഷണിച്ചു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുൾപ്പെടെ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണം അയച്ചിരിക്കുന്നത്.

എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, ആർ.ജെ.ഡിയുടെ ലാലു പ്രസാദ് യാദവ്, ഡി.എം.കെയുടെ എം.കെ സ്റ്റാലിൻ എന്നിവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശിവസേനയിൽ നിന്ന് ഉദ്ധവ് താക്കറെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പി.ഡി.പിയുടെ മെഹബൂബ മുഫ്തി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാൾ എന്നിവരും പ്രധാന ക്ഷണിതാക്കളാണ്.

webdesk13: